കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസ് അതിജീവിത നീതി തേടി ഹൈകോടതി ചീഫ് ജസ്റ്റിസിന് സങ്കടഹരജി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണയിൽനിന്ന് അപമാനകരവും സ്ത്രീവിരുദ്ധവും പൗരന്റെ നീതി നിഷേധിക്കുന്നതുമായ പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നത്.
പീഡനത്തിനിരയായ തന്നെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതി താൻ പറഞ്ഞ മൊഴികൾ പൂർണമായി രേഖപ്പെടുത്തുകയോ ശാസ്ത്രീയ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി അന്വേഷിച്ച മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ തന്റെ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.
ഈ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയെങ്കിലും ലഭ്യമാക്കാൻ സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഡി.ജി.പിക്കും എ.ഡി.ജി.പിക്കും നേരിൽക്കണ്ട് പരാതി നൽകിയെങ്കിലും നീതി ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ വിവരാവകാശ കമീഷന് പരാതി നൽകി അഞ്ചുമാസമായിട്ടും നടപടി ഉണ്ടായിട്ടില്ല. മാത്രമല്ല, കേസിൽ തന്നെ ഭീഷണിപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഗോപി അടക്കമുള്ളവർക്കെതിരായ പരാതിയിലും നടപടിയായിട്ടില്ല. നീതി ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.