മഞ്ചേരി: സംസ്ഥാനത്തെ മുഴുവൻ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെയും വിവരങ്ങൾ സൂക്ഷ്മ പരിശോധന നടത്തും. ഗുണഭോക്താക്കളുടെ വിവരങ്ങൾ മഹിള പ്രധാൻ, എസ്.എ.എസ് ഏജൻറുമാർ വീടുകളിലെത്തി പരിശോധിക്കും. മരിച്ചവരുടെയും പുനർ വിവാഹം നടത്തിയവരുടെയും പേരിൽ പെൻഷൻ വാങ്ങുന്നുണ്ടോ എന്നാണ് പരിശോധിക്കുക. ഇതിനായി ഇവർക്ക് 4ജി കണക്ഷനോടുകൂടി ടാബുകൾ നൽകും. വിരലടയാളവും ആധാർ വിവരങ്ങളും പരിശോധിച്ച് പെൻഷൻ വാങ്ങുന്ന വ്യക്തി തന്നെയാണ് എന്ന് ഉറപ്പാക്കലാണ് ലക്ഷ്യം. വിരലടയാളവും കണ്ണിലെ കൃഷ്ണമണിവെച്ച് ആധാർ സാധൂകരണവുമാണ് സൂക്ഷ്മ പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്.
42.14 ലക്ഷം പേരാണ് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നത്. 3.4 ലക്ഷം അപേക്ഷകൾ പുതുതായുണ്ട്. മരിക്കുകയോ പുനർവിവാഹം നടത്തുകയോ ചെയ്തവർക്കും ബാങ്ക് അക്കൗണ്ടുവഴി പെൻഷൻ എത്തുന്നു എന്ന ഒറ്റപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ആദ്യം തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിൽ നടത്തും. മഹിള പ്രധാൻ, എസ്.എ.എസ് ഏജൻറുമാർക്ക് പരിശോധനക്കായി 10,331 ടാബുകളാണ് ഇൻറർനെറ്റ് കണക്ഷനോടുകൂടി നൽകേണ്ടത്. ഇതിനായി സംസ്ഥാന ഐ.ടി മിഷൻ 2650 ടാബുകൾ വാങ്ങാൻ നടപടിയായി.
7691 ടാബുകൾ ഇനിയും വേണം. മഹിള പ്രധാൻ, എസ്.എ.എസ് ഏജൻറുമാരുെട പട്ടിക ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടറാണ് നൽകുക. ബ്ലോക്ക് തലത്തിൽ ബ്ലോക്ക് സെക്രട്ടറി, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ എൻ.എസ്.ഡി അസിസ്റ്റൻറ് ഡയറക്ടറോ ഡെപ്യൂട്ടി ഡയറക്ടറോ മേൽനോട്ടം വഹിക്കും. പെൻഷൻ വാങ്ങുന്നവർക്ക് മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.