തൃശൂര്‍: ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മുന്‍ അധ്യക്ഷനും നാലു തവണ എം.പിയുമായ കെ. മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരില്‍ മുരളീധരന്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ 20 സീറ്റിലും യു.ഡി.എഫിനായിരിക്കും വിജയമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിനെ വിലയിരുത്തുന്നവര്‍ എല്‍.ഡി.എഫിനു വോട്ട് ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല, പെന്‍ഷനില്ല. 52 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ പോലുമില്ല. യാതൊരു വികസനപ്രവര്‍ത്തനവും നടക്കുന്നില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. അതുകൊണ്ട് ഭരണനേട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല.
ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മോദി വീണ്ടും വരാനുള്ള സാധ്യതയില്ലെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഒരു മോദി തരംഗവും ഇന്ത്യയിലില്ല. 2004ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണമുണ്ടായിട്ടും യു.പി.എയാണ് അധികാരത്തിലെത്തിയത്. സമാനമാണ് കാര്യങ്ങള്‍.
കോണ്‍ഗ്രസ് മാത്രമാണ് ബി.ജെ.പിക്കെതിരായ മതേതര ശക്തി. കേരളത്തില്‍ മാത്രമുള്ള എൽ.ഡി.എഫിനു വോട്ട് ചെയ്തതുകൊണ്ട് കാര്യമില്ലെന്നും ജനങ്ങള്‍ക്കറിയാം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരേപോലെ വര്‍ഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. മതവിഭാഗങ്ങളെ കൂട്ടുപിടിക്കാനാണവര്‍ ശ്രമിക്കുന്നത്. എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ബന്ധവുമില്ല. അവരുടെ വോട്ടും വേണ്ട എന്ന് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എന്നാല്‍ പി.ഡി.പിയുടെ പിന്തുണ വേണ്ടെന്നു ഇതുവരെയും സി.പി.എം പറഞ്ഞിട്ടില്ല.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനേ അദ്ദേഹത്തിനു നേരമുള്ളൂ. എന്നാല്‍ മോദിയുടെ പേരു പറഞ്ഞ് ഒരു വിര്‍ശനം പോലുമില്ല. രാഹുല്‍ഗാന്ധി ഇന്ത്യാമുന്നണിയുടെ മുഖമാണ്. രാഹുലിനെ വിമര്‍ശിക്കുന്നതുവഴി മോദിയെ തൃപ്തിപ്പെടുത്താനാണ് ശ്രമം. സിപിഎം.-ബിജെപി അന്തര്‍ധാരയുടെ പ്രതിഫലനമാണിത്. കരുവന്നൂരില്‍ അന്വേഷണം നടത്തും. അറസ്റ്റുണ്ടാവില്ല. ഒരു നടപടിയുമുണ്ടാവില്ല. മേയറുടെ പ്രസ്താവനയും അന്തര്‍ധാര ഉണ്ടെന്നാണ് ഉറപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബി.ജെ.പി ഒരു വര്‍ഗീയ പാര്‍ട്ടിയാണന്നു ജനങ്ങള്‍ക്കറിയാം. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം തെളിഞ്ഞുവരികയാണ്. പലയിടത്തും നല്ല സീറ്റുകള്‍ ലഭിക്കും. മോദി എത്ര തവണ കേരളത്തില്‍ വരുന്നുവോ അത്രയും കോണ്‍ഗ്രസിന് വോട്ട് കൂടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.