പാലക്കാട്: അപായച്ചങ്ങല ട്രെയിനുകളിൽ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളതാണ്. എന്നാൽ ചിലർ വെറുതെ ഒരു കൗതുകത്തിന് ചങ്ങലകളിൽ പരീക്ഷണം നടത്താൻ തുടങ്ങിയതോടെ വലഞ്ഞത് റെയിൽവേയാണ്. സ്റ്റോപ്പില്ലാത്ത സ്ഥലങ്ങൾക്ക് സമീപം മുങ്ങാനും ഇടക്ക് കുറുമ്പുകാട്ടാനുമൊക്കെ ആളുകൾ ചങ്ങല വലിക്കുന്നുവെന്ന് കണ്ടെത്തിയതോടെ വടിയെടുക്കാനൊരുങ്ങുകയാണ് റെയിൽവേ.
പാലക്കാട് ഡിവിഷനിൽ മാത്രം പത്ത് മാസത്തിനുള്ളിൽ ട്രെയിനുകൾ നിർത്തിച്ചത് 614 തവണയാണ്. ഇതിൽ ഭൂരിഭാഗവും ചങ്ങല വലിച്ചിരിക്കുന്നത് ജനറൽ കോച്ചുകളിലാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. അപായ മുന്നറിയിപ്പ് കിട്ടി ഓടിയെത്തുന്ന അധികൃതർ വലിച്ചവരെ തിരഞ്ഞിറങ്ങിയാൽ പൊടി പൊലും കാണില്ല.
2023 ജനുവരി മുതൽ ഒക്ടോബർ വരെ പാലക്കാട് ഡിവിഷന് കീഴിൽ ചങ്ങല വലിച്ച 614 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 168 എണ്ണം മാത്രമാണ് അനിവാര്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. 446 എണ്ണവും അനാവശ്യകാര്യത്തിനെന്ന് തെളിഞ്ഞിരുന്നു.
പാലക്കാട് ഡിവിഷനിൽ രേഖപ്പെടുത്തിയ കണക്കുകൾ അനുസരിച്ച് പത്തുമാസത്തിനിടെ അപായച്ചങ്ങല വലിച്ചതുമായി ബന്ധപ്പെട്ട് വിവിധ ട്രെയിനുകൾ 12.48 മണിക്കൂർ വൈകി ഓടിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ചങ്ങല വലിച്ചുനിർത്തുന്ന ട്രെയിനുകൾ പരിശോധനകൾ കഴിഞ്ഞേ യാത്ര തുടരാനാവു. ഇത് അതേ റൂട്ടിലുള്ള ട്രെയിനുകൾ വൈകാനുമിടയാക്കും.
അപകട സാഹചര്യങ്ങളിൽ മാത്രമേ അപായച്ചങ്ങല വലിക്കാൻ പാടുള്ളൂവെന്ന് റെയിൽവേ നിർദേശിച്ചിട്ടുണ്ട്. അനാവശ്യമായി ഇത്തരത്തിൽ ചങ്ങല വലിച്ചാൽ റെയിൽവേ 141 ആക്ട് പ്രകാരം 1,000 രൂപ വരെയാണ് പിഴ. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ നടപടികൾ കർശനമാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.