അലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളം മലയോര പ്രദേശത്തെ ആനപ്പാറയിലെത്തുന്ന സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുന്നത് നിർത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. വനാതിർത്തിക്കുള്ളിലായതിനാൽ കേസ് ഉൾപ്പെടെയുള്ള നടപടിക്ക് മടിക്കില്ലെന്ന് ജനപ്രതിനിധികൾ അടക്കമുള്ള സദസ്സിൽ വനം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അലനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനപ്പാറയിലെ ശുചീകരണ പ്രവർത്തനോദ്ഘാടന വേളയിലാണ് ഈ പരാമർശം. വിദൂര സ്ഥലങ്ങളിൽനിന്ന് നിരവധി പേരാണ് കോടമഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന പ്രകൃതി മനോഹരമായ ദൃശ്യങ്ങൾ കാണാനെത്തുന്നത്. ആനപ്പാറയുടെ കുറച്ച് ഭാഗം റവന്യൂ ഭൂമിയിൽപ്പെട്ടതാണ്. ആനപ്പാറയിലെത്തുന്ന സഞ്ചാരികൾക്ക് കർശന നിർദ്ദേശം നൽകണമെന്നും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും ഗ്രാമ പഞ്ചായത്തംഗം പടുകുണ്ടിൽ ബശീർ ആവശ്യപ്പെട്ടു.
സഞ്ചാരികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും തിരിച്ച് കൊണ്ട് പോകണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആനപ്പാറയിലും സമീപത്തുമുള്ള സർക്കാർ വനത്തിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് ഹരിതകർമസേന അംഗങ്ങൾ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.