‘ഉന്നത നേതാക്കൾ അഴിമതിക്കാർ; ഈ നിലയിലെങ്കിൽ പിണറായി കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയാകും’

നിലമ്പൂർ: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനങ്ങളുമായി പി.വി. അൻവർ എം.എൽ.എ. ഉന്നത നേതാക്കൾ വലിയ അഴിമതിക്കാരാണെന്നും ഈ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ പിണറായി വിജയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയാകുമെന്നും അൻവർ പറഞ്ഞു. പാർട്ടി അണികളെ അടിമകളാക്കുകയാണ്. ആർക്കും പ്രതികരിക്കാൻ അവകാശമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി കാട്ടുകള്ളനാണ്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തന്നെ കള്ളക്കടത്തു സംഘാമെന്ന് പറഞ്ഞത് തനിക്ക് ഡാമേജായെന്നും അൻവർ പറഞ്ഞു.

കേരളത്തിൽ എല്ലാ പാർട്ടി നേതാക്കളും ഒറ്റക്കെട്ടാണെന്നും ജനങ്ങൾക്ക് താൽപര്യമുള്ള കേസുകളൊന്നും തെളിയാൻ പോകുന്നില്ലെന്നും അൻവർ പറഞ്ഞു. നേതാക്കൾ രാത്രിയാകുമ്പോൾ ഒന്നിച്ചിരുന്ന് ചർച്ച നടത്തും. അവർ എല്ലാ കേസുകളും മുക്കാനുള്ള ആലോചനകൾ നടത്തും. പ്രതിപക്ഷ നേതാവ് എന്തെങ്കിലും വിഷയത്തിൽ സംസാരിക്കുന്നുണ്ടോ? എല്ലാവരും ഒറ്റക്കെട്ടാണ്. കേരളത്തിലെ യുവജനങ്ങൾക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്‍റെ പ്രതികരണം.

എ.ഡി.ജി.പി എം.ആർ അജിത്കുമാർ മുഖ്യമന്തിയെ ‘അങ്കിൾ’ എന്നാണ് സംബോധന ചെയ്യുന്നതെന്നും ഇവർക്കിടയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും അൻവർ ആരോപിച്ചു. പാർട്ടിയിൽ ഉന്നത നേതാക്കൾക്ക് എന്ത് അഴിമതിയും നടത്താം. അണികൾക്ക് പ്രതികരിക്കാൻ അവകാശമില്ല. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പോലും പ്രതികരിക്കാൻ കഴിയില്ല. അണികളെ അടിമകളാക്കി വെച്ചിരിക്കുകയാണ്. പിണറായി എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമായി. ഈ നിലയിലാണ് പോകുന്നതെങ്കിൽ പിണറായി വിജയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാകുമെന്നും അൻവർ തുറന്നടിച്ചു.

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തനിക്കെതിരെ പരാമർശങ്ങളുന്നയിച്ചത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്നും യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും പി.വി. അൻവർ പറഞ്ഞു. പി. ശശിയും എ.ഡി.ജി.പിയും എഴുതിക്കൊടുത്തത് വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ തനിക്ക് ഡാമേജുണ്ടാക്കി. അദ്ദേഹത്തെ തിരുത്താൻ പാർട്ടി തയാറായില്ല. പാർട്ടി തനിക്ക് നൽകിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ഇനി വിശ്വാസം കോടതിയിലാണെന്നും താൻ ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.

സ്വർണക്കടത്തു കേസിൽ പൊലീസ് സ്വർണം പൊട്ടിക്കുന്നുവെന്ന ആരോപണം അൻവർ ആവർത്തിച്ചു. പ്രതികളിൽനിന്ന് പിടികൂടുന്ന സ്വർണം കോടതിയിൽ എത്തുമ്പോൾ അളവു കുറയുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണവേട്ടയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് അൻവർ ചോദിച്ചു. അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അൻവർ, പ്രതികളും ബന്ധുക്കളും ഉൾപ്പെടെ പ്രതികരിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.

Tags:    
News Summary - If the party goes like this, Pinarayi Vijayan will be the last CM of the Party; says PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.