പാലക്കാട്: ഫോൺ വിളിച്ച വിദ്യാർഥിയോട് മുകേഷ് എം.എൽ.എ കയർത്തു സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.എൽ.എ. സംഭവത്തിന് പിന്നിൽ ഷാഫി പറമ്പിലാണെന്ന് ആരോപണമുണ്ടായിരുന്നു.
എന്നാൽ, ഒറ്റപ്പാലത്തുള്ള കുട്ടിയാണ് വിളിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ പ്രതികരണവുമായി രംഗത്തുവന്നത്. സത്യം പുറത്തുവന്നില്ലായിരുന്നെങ്കിൽ, ഞാനും ഇനിയും ജനിച്ചിട്ടില്ലാത്ത എന്‍റെ ബന്ധു ബാസിതും ഇപ്പോഴും സൈബർ ആക്രമണത്തിന് വിധേയരായി കൊണ്ടിരിക്കുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒറ്റപ്പാലത്തെ സി.ഐ.ടി.യുക്കാരനായ നാരായണേട്ടന്‍റെ മകനായ ബാലസംഘം പ്രവർത്തകൻ വിഷ്ണുവാണ് ആ ഫോൺ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കിൽ, ഞാനും ഇനിയും ജനിച്ചിട്ടില്ലാത്ത എന്‍റെ ബന്ധു ബാസിതും ഇപ്പോഴും സൈബർ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും.
നുണ ബോംബുകൾ നിർമിക്കുന്ന സി.പി.എം ഫാക്ടറികൾ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങൾ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് എന്നു നോക്കൂ. കള്ളമാണെന്ന് അറിഞ്ഞും പ്രചരണം നടത്തുന്നവർ, സത്യമാണെന്ന് കരുതി അത് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും, ശരിയാണോ എന്നറിയാൻ വിളിച്ച് അന്വേഷിക്കുന്നവര്‍ അങ്ങിനെ എല്ലാവരിലേക്കും ഈ ബോംബിന്‍റെ പ്രഹര ശേഷി എത്തുന്നുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എല്ലാ പിന്തുണയുമുണ്ടാവും. പക്ഷെ 'സത്യാനന്തര കാലത്തെ' സി.പി.എം നുണ ഫാക്ടറികൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും. കുറഞ്ഞ പക്ഷം ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് പോരുന്ന പാവം സി.പി.എം പ്രവർത്തകരെങ്കിലും വഞ്ചിതരാവതിരിക്കുമല്ലോ. NB:- ഓൺലൈൻ പഠനത്തിന് മൊബൈൽ ആവശ്യമായ കുട്ടികളുടെ നീണ്ട ഒരു പട്ടിക കയ്യിലുണ്ട്. കഴിയാവുന്നത്ര കൊടുക്കുവാൻ ശ്രമിക്കുന്നുണ്ട്. ആർക്കെങ്കിലും സഹായിക്കുവാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടണേ..
9847980006
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.