കോഴിക്കോട്: സമസ്തയിൽ സി.പി.എമ്മുകാരുണ്ടെങ്കിൽ അത് തുറന്നുപറയണമെന്നും സ്ലീപ്പിങ് സെല്ലായി പ്രവർത്തിക്കരുതെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
ചിലർ സി.പി.എമ്മിൽനിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാൻ അവർക്കായി നിരന്തരം സ്തുതി പാടുകയും അവരെ പ്രീതിപ്പെടുത്താൻ പാണക്കാട് തങ്ങന്മാരെയും ലീഗിനെയും ആക്ഷേപിക്കുകയുമാണ്. അതിനെ ഞങ്ങൾ കൈയും കെട്ടി നോക്കിനിൽക്കുമെന്ന് ആരും കരുതണ്ട. കാരണം ലീഗും സമസ്തയും ഞങ്ങൾക്ക് വേണ്ടപ്പെട്ട പ്രസ്ഥാനങ്ങളാണ്.
സമസ്തയെ തകർക്കാൻ സി.പി.എം വളരെ ആസൂത്രിത ശ്രമം നടത്തിയ കാലമുണ്ടായിരുന്നു. അന്ന് അതിന് രക്ഷാകവചം തീർത്തത് മുസ്‌ലിം ലീഗാണ്. ഇപ്പോൾ സമസ്തയിൽ എല്ലാവരും ഉണ്ടെന്നാണ് പറയുന്നത്. അതിൽ സന്തോഷമാണ്. എന്നാൽ, അവർ ആരൊക്കെയെന്ന് വെളിപ്പെടുത്തണം.
സമസ്തയിലെ സി.പി.എം സ്ലീപ്പിങ് സെല്ലുകൾ അവരുമായി നിരന്തരം വേദി പങ്കിടുന്നവരാണ്. അവർ സി.പി.എം ആണെന്ന് തുറന്നുപറയട്ടെ. ജിഫ്രി തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പ്രവർത്തകനെതിരെ ലീഗ് നടപടിയെടുത്തിട്ടുണ്ട്. അതേ മാന്യത തിരിച്ചും കാണിക്കണം. വിശദീകരണം കൊണ്ട് പ്രശ്നപരിഹാരം ആകില്ല. സാദിഖലി തങ്ങൾക്കെതിരെ പറഞ്ഞ ആൾക്കെതിരെ നടപടിയെടുക്കണമെന്നും ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.