കോഴിക്കോട്: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് വീടുകളിൽ കേക്കുണ്ടാക്കി വിൽപന നടത്തുന്നവർ ജാഗ്രത! ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷൻ/ ലൈസൻസ് എടുക്കാതെയുള്ള കേക്കുണ്ടാക്കി വിൽക്കലിനെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കും. ഇതിനായി വ്യാപക പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനിച്ചു. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും നിർമിച്ച് വിൽപന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഇല്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. നിയമവിരുദ്ധമായി ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽപന നടത്തുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം സെക്ഷൻ 63 പ്രകാരം 10 ലക്ഷം രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
ചെറുകിട ഉൽപാദകർക്ക് സ്വമേധയാ രജിസ്ട്രേഷൻ എടുത്ത് നിയമനടപടിയിൽനിന്ന് ഒഴിവാകാമെന്നും അദ്ദേഹം പറഞ്ഞു. കേക്ക് നിർമാണത്തിന് ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവുകൾ നിയമപരമാണെന്ന് ഉൽപാദകർ ഉറപ്പുവരുത്തണം.
ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് തുടങ്ങിയ പ്രിസർവേറ്റീവുകൾ ഒരു കിലോ കേക്കിൽ ഒരുഗ്രാമിൽ കൂടുതൽ ചേർക്കുന്നത് നിയമവിരുദ്ധമാണ്. ഉപഭോക്താക്കൾ പാക്ചെയ്ത ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങളുള്ളതും കാലാവധി രേഖപ്പെടുത്തിയതുമായ ഭക്ഷണസാധനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
വഴിയോര കടകൾ, ഉന്തുവണ്ടിയിൽ കൊണ്ടുനടന്നുള്ള വിൽപന, തെരുവ് കച്ചവടക്കാർ, പിക് അപ് ഓട്ടോയിലും മറ്റുമുള്ള മത്സ്യക്കച്ചവടം എന്നിവക്കെല്ലാം ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷൻ/ലൈസൻസ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
കോഴിക്കോട്: ഭക്ഷണ സാധനങ്ങൾ നിർമിച്ച് വിൽപന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷൻ ലഭിക്കുന്നതിന് 100 രൂപ മാത്രമാണ് ഒരു വർഷത്തേക്ക് ഫീസ്. 500 രൂപ ഒരുമിച്ചടച്ച് അഞ്ചുവർഷം കാലാവധിയുള്ള രജിസ്ട്രേഷൻ എടുക്കാനും അവസരമുണ്ട്. ആധാറും ഫോട്ടോയും മാത്രമാണ് രേഖയായി സമർപ്പിക്കേണ്ടത്. FoSCoS എന്ന പോർട്ടൽ വഴിയോ അക്ഷയ സെൻററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകിയാൽ ഏഴു ദിവസത്തിനകം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയിൽ നൽകുന്ന മെയിൽ വിലാസത്തിൽ ഓൺലൈനായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.