മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ

സി.എ.ജിക്ക് 'പുല്ലുവില';കോടികൾ വകമാറ്റിയ ബെഹ്റയുടെ നടപടിക്ക് സർക്കാർ അംഗീകാരം

തിരുവനന്തപുരം: പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് വില്ലകളും ഓഫിസും പണിത മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നടപടിക്ക് സര്‍ക്കാര്‍ സാധൂകരണം.

ചട്ടപ്രകാരമുള്ള നടപടികളില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ബെഹ്റ കൈക്കൊണ്ട നടപടി ആഭ്യന്തര വകുപ്പ് സാധൂകരിച്ചത്. ഇത്തരത്തിൽ ഫണ്ടുകൾ വകമാറ്റരുതെന്ന കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (സി.എ.ജി) മുൻകാല ശിപാർശകൾ ഉൾപ്പെടെ തള്ളിയാണ് സർക്കാർ ഇക്കാര്യത്തിലും തീരുമാനമെടുത്തത്.

മുമ്പ് ഇത്തരത്തിൽ പൊലീസിൽ നടന്ന ഇടപാടുകൾ സംബന്ധിച്ച് രൂക്ഷ വിമർശനമാണ് സി.എ.ജി റിപ്പോർട്ടിലുണ്ടായിരുന്നത്. ഭാവിയിൽ ഇത്തരം നടപടികൾ കൈക്കൊള്ളരുതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പൊലീസ് വകുപ്പിന്‍റെ ആധുനീകരണം എന്ന സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ പണമനുവദിച്ചത്. എന്നാല്‍, അനുവദിച്ച നാലുകോടി 33 ലക്ഷം രൂപ സര്‍ക്കാര്‍ അനുമതി വാങ്ങാതെയാണ് അന്ന് വകമാറ്റി ചെലവഴിച്ചത്. ക്വാർട്ടേഴ്സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കൂറ്റന്‍ വില്ലകള്‍ നിര്‍മിക്കുകയായിരുന്നു. ഇതില്‍ ഒരു വില്ലയിലാണ് ഡി.ജി.പിയായിരുന്നപ്പോൾ ബെഹ്റ താമസിച്ചിരുന്നത്. വില്ലകള്‍ കൂടാതെ, ഓഫിസുകളും പണിതു. ഇതിലെ ക്രമക്കേടും സി.എ.ജിയാണ് കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തേതന്നെ കണ്ടെത്തിയെന്നും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നതുമുൾപ്പെടെ കാര്യങ്ങൾ സി.എ.ജി റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തി വിമർശിച്ചിരുന്നു. ഇതു വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ ചോർത്തി നൽകിയെന്ന വിമർശനവും ഉയർന്നിരുന്നു.

എന്നാല്‍, സി.എ.ജിയുടെ കണ്ടെത്തലുകളും വിമർശനങ്ങളുമൊന്നും കാര്യമാക്കുന്നില്ലെന്നാണ് മുൻ ഡി.ജി.പിയുടെ നടപടി സാധൂകരിച്ചുള്ള സർക്കാർ ഉത്തരവിലൂടെ വ്യക്തമാകുന്നത്. 30 ക്വാർട്ടേഴ്സുകള്‍ നിര്‍മിക്കാന്‍ അനുവദിച്ച തുക ഉപയോഗിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫിസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫിസുകള്‍ എന്നിവ നിര്‍മിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി അംഗീകരിക്കുകയാണ് ആഭ്യന്തരവകുപ്പ്. 

Tags:    
News Summary - ignoring CAG; Govt approves Behra's action of misappropriating crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.