തിരുവനന്തപുരം: ജി.എസ്.ടി സംവിധാനത്തിലെയും റിട്ടേണുകൾ സമർപ്പിക്കുന്നതിലെയും പോരായ്മ കാരണം അന്തർസംസ്ഥാന വ്യാപാര നികുതിയിൽ (ഐ.ജി.എസ്.ടി) കേരളത്തിന് 25,000 കോടിയുടെ നഷ്ടമെന്ന് എക്സിപെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട്. ജി.എസ്.ടി ആരംഭിച്ച 2017 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ മാത്രം കണക്കാണിത്. 2023-24 വർഷം വരെയുള്ള കണക്കെടുത്താൽ നഷ്ടം 35000 കോടി കവിയുമെന്നാണ് അനുമാനം.
ജി.എസ്.ടി നടപ്പാക്കിയാൽ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഗുണം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇത് ലക്ഷ്യംവെച്ചാണ് മുൻമന്ത്രി തോമസ് ഐസക് ജി.എസ്.ടിയെ സ്വാഗതം ചെയ്തതും. എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നെന്നാണ് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ കണക്കുകൾ അടിവരയിടുന്നത്. പ്രതിവർഷം 1.5 ലക്ഷം കോടിയുടെ സാധനങ്ങളും ഉൽപന്നങ്ങളുമാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതനുസരിച്ച് വലിയ നികുതി നേട്ടമാണ് സംസ്ഥാനത്തിനുണ്ടാകേണ്ടത്. എന്നാൽ ആദ്യ അഞ്ച് വർഷങ്ങളിലും കാര്യമായ മികവുണ്ടായിട്ടില്ല. ഐ.ജി.എസ്.ടി സംബന്ധിച്ച ഡാറ്റ സംസ്ഥാനങ്ങൾക്ക് കിട്ടാത്തതാണ് ഒരു പ്രശ്നം.
പുതിയ നികുതി ഘടനയായതിനാൽ ആരംഭകാലത്തെ പോരായ്മകൾ കാരണം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതിനഷ്ടം പരിഹരിക്കുന്നതിന് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതുമൂലമാണ് ഐ.ജി.എസ്.ടി ഇനത്തിലെ 20000-25000 കോടി വരെയുള്ള നഷ്ടം സംസ്ഥാനത്ത് അധികം അനുഭവപ്പെടാതിരുന്നത്. എന്നാൽ 2022 ജൂണോടുകൂടി ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം അവസാനിപ്പിച്ചു. ഇനി ഈ വലിയ നഷ്ടംമൂലം വരുമാനത്തിലുണ്ടാകുന്ന വിടവ് നികത്താൻ സർക്കാർ കഠിന പരിശ്രമം നടത്തേണ്ടിവരും. ക്ഷേമ പദ്ധതികളിലെ കുടിശ്ശിക വിതരണമടക്കം പ്രഖ്യാപിച്ച് മുഖംമാറ്റത്തിന് സർക്കാർ തുനിയുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ഐ.ജി.എസ്.ടി വഴിയുള്ള നികുതിചോർച്ച തടയിടാൻ കേരളം ഉൾപ്പെടുന്ന ഉപഭോക്തൃ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപവത്കരിക്കണമെന്നാണ് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ. ചോർച്ച തടയുന്നത് സംബന്ധിച്ച് പഠനം നടത്താൻ സംസ്ഥാനം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഐ.ജി.എസ്.ടി വിവരങ്ങൾ തേടി കേരളം ജി.എസ്.ടി കൗൺസിലിലും ആവശ്യമുന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.