ഏലമലക്കാടുകളിൽ അനധികൃത മരംവെട്ട്​: സി.പി.ഐ നേതാവ്​ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

തൊടുപുഴ: ഇടുക്കിയിലെ സി.എച്ച്.ആർ മേഖലയിൽനിന്ന് അനധികൃതമായി മരംവെട്ടി കടത്തിയ സംഭവത്തിൽ സി.പി.ഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്​. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സി.പി.ഐ നേതാവുമായ വി.ആർ. ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ്​ കേസ്​ എടുത്തത്​. അഞ്ച് ടൺ മരങ്ങളാണ്​ ഇവിടെനിന്ന്​ അനധികൃതമായി കടത്തിയത്​.

വി.ആർ. ശശിയുടെ ഏലം സ്റ്റോറിലെ ആവശ്യത്തിനാണ്​ മരം വെട്ടിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന് മരംവെട്ടാൻ മുൻകൂർ അനുമതി വേണം. എന്നാൽ, അനുമതിയില്ലാതെ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങൾ വെട്ടുകയായിരുന്നു.അനധികൃതമായി വെട്ടിയ തടി വെള്ളിലാംകണ്ടത്ത് ഒളിപ്പിച്ചുവെച്ചു. സംഭവത്തിൽ അന്ന് കേസെടുത്തെങ്കിലും ആരെയും പ്രതി ചേർക്കാതെ വനംവകുപ്പ് ഒത്തുകളിക്കുകയായിരുന്നു.

ഇത്​ വാർത്തയായതോടെയാണ് പ്രതികൾക്കെതിരെ കേസെടുക്കുന്നത്​. കുമളി സെക്ഷൻ ഫോറസ്റ്റ് ഓഫിസറാണ് കേസെടുത്തത്. മരംമുറിച്ചവരെയും പണി ആയുധങ്ങളും തടി കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.

Tags:    
News Summary - Illegal logging in Elamalakkad: Case against three including CPI leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.