അനധികൃത ലോട്ടറി വില്‍പ്പന: അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അനധികൃത ലോട്ടറി വില്‍പ്പന നടത്തിയ അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്റ് ചെയ്തു. പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എച്ച്-3714 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സി സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടര്‍ എസ്. എബ്രഹാം റെന്‍ സസ്‌പെന്റ് ചെയ്തത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അംഗീകൃത ഏജന്റായിരിക്കെ ബോച്ചേ ടീ എന്ന ഉദ്പന്നവും അതോടൊപ്പമുള്ള നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു.

വകുപ്പു നിര്‍ദേശപ്രകാരം അടൂര്‍ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. ബോച്ചേ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരമാണെന്നും ഇതിനെതിരേ ലോട്ടറി റഗുലേഷന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മേപ്പാടി പൊലീസ് ക്രൈം 235/24 ആയി കേസന്വേഷണം നടക്കുന്നു.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ സ്വകാര്യ നറുക്കെടുപ്പ് പദ്ധതികളുടെ ഭാഗമാകുന്നത് പൊതു താല്‍പര്യ വിരുദ്ധവും ലോട്ടറി റെഗുലേഷന്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനവുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2005-ലെ കേരളാ പേപ്പര്‍ ലോട്ടറീസ് (റെഗുലേഷന്‍) ചട്ട പ്രകാരമാണ് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തതെന്നും അറിയിച്ചു.

Tags:    
News Summary - Illegal Lottery: Authorized lottery agency suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.