തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതേഷ് റാണ ഏറ്റുപിടിച്ചത് സി.പി.എം നേതാക്കളുടെ പരാർശങ്ങൾ. ‘കേരളം ഒരു മിനി പാകിസ്താനാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെനിന്ന് ജയിച്ചത്. അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഞാൻ സത്യമാണ് പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എം.പിമാരാകുന്നത്’ -ഇതാണ് നിതേഷ് റാണ പറഞ്ഞത്.
ഏതാനും ദിവസംമുമ്പ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞതും ഏകദേശം ഇതുതന്നെയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്ന് വിജയിച്ചത് മുസ്ലിം വർഗീയ-തീവ്രവാദ ചേരിയുടെ പിന്തുണയോടെയാണെന്ന് വിജയരാഘവൻ പറഞ്ഞത് സി.പി.എം ജില്ല സമ്മേളന വേദിയിലാണ്.
പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടും തിരുത്തിയില്ല. മാത്രമല്ല, സാമൂഹിക മാധ്യമത്തിലെ കുറിപ്പിൽ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ പേരുകൂടി പരാമർശിച്ച് തീവ്രവാദ മുദ്ര ആവർത്തിച്ചുറപ്പിച്ചു.
ഇതേക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ചോദ്യമുയർന്നപ്പോൾ, എ. വിജയരാഘവനെ ശരിവെച്ചു കൊണ്ടായിരുന്നു മറുപടി. വിജയരാഘവൻ പറഞ്ഞത് പാർട്ടി നിലപാട് തന്നെയെന്നും അത് വളരെ കൃത്യമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മുതിർന്ന നേതാവ് എ.കെ. ബാലൻ, ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്റും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതി തുടങ്ങിയവരും വിജയരാഘവനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിയാണ് പ്രിയങ്ക ഗാന്ധിയുടെ വിജയം. നേരത്തേ രണ്ടുവട്ടം രാഹുൽ ഗാന്ധി ജയിച്ചതും സമാനമായ വമ്പൻ ഭൂരിപക്ഷത്തിൽ തന്നെ. പോൾ ചെയ്ത വോട്ടിന്റെ പകുതിയിലുമേറെ ഇവർ നേടി. വിജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെങ്കിൽ മണ്ഡലത്തിലെ വോട്ടർമാരിൽ മഹാഭൂരിപക്ഷവും തീവ്രവാദികൾ ആയിരിക്കണം. സാമാന്യയുക്തിക്ക് നിരക്കാത്ത ഈ വാദമാണ് ബി.ജെ.പി മന്ത്രി കേരളത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് ആയുധമാക്കിയത്.
നേരത്തേ, രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിലെ ‘പച്ചക്കൊടി’ വിവാദമായതും പിന്നീട് അത് ഉത്തരേന്ത്യയിൽ സംഘ്പരിവാർ ആയുധമാക്കിയതും സമാനവഴിയിൽ തന്നെ. വിവാദ ‘ദ ഹിന്ദു’ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മലപ്പുറം പരാമർശവും സംഘ്പരിവാറിന് മികച്ച ആയുധമായി മാറി.
അതേസമയം, കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച മഹാരാഷ്ട്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, അതുതന്നെ പറഞ്ഞ എ. വിജയരാഘവനെ ചേർത്തുപിടിക്കുകയും ചെയ്യുന്ന വൈരുധ്യം വിശദീകരിക്കുന്നില്ല.
തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതേഷ് റാെണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നത്.
തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവത്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘ്പരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്.
വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച് ആക്ഷേപിക്കുകയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി സി.പി.എം തുടങ്ങി വെച്ച വര്‍ഗീയ പരാമര്‍ശമാണ് ഇപ്പോള്‍ ബി.ജെ.പി ദേശീയ തലത്തിലും ഏറ്റെടുത്തിരിക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പിക്ക് ആയുധം നല്‍കുന്നതായിരുന്നു സി.പി.എം നേതാവ് എ. വിജയരാഘവന് പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവന.
വിജയരാഘവനെ തിരുത്തുന്നതിനുപകരം സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.