കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക ഗാലറിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച എം.എൽ.എ ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി അവരുടെ ഫേസ്ബുക് പേജിലൂടെ അഡ്മിൻ ടീം അറിയിച്ചു. ‘പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നിട്ടുണ്ടെന്നും പ്രാർത്ഥനകൾ തുടരണമെന്നും കുറിപ്പിൽ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ കൈകാലുകൾ അനക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. കുറച്ച് ദിവസം കൂടി വെന്റിലേറ്ററിൽ തുടരും. അമ്മ തന്നോട് പ്രതികരിച്ചതായി മകൻ വിഷ്ണുവും ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്ന സംയുക്തസംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംഘവുമായി ആശയവിനിമയം നടത്തി.
അതിനിടെ, നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത് വരികയും ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതുതായി ഗുരുതര വകുപ്പുകൾ ചുമത്തിയത്. വേദിയിലെ സുരക്ഷാവീഴ്ചകൾ എണ്ണിപ്പറഞ്ഞ് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
മെഗാ നൃത്തപരിപാടിയുടെ സംഘാടകരോട് വ്യാഴാഴ്ച കീഴടങ്ങണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഗിന്നസ് റെക്കോഡ് നേടുന്നതിന് സ്റ്റേഡിയത്തിൽ നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ വയനാട് മേപ്പാടി മലയിൽ എം. നിഗോഷ് കുമാർ (40), ഓസ്കർ ഇവന്റ് മാനേജ്മെന്റ് പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്. ജനീഷ് (45) എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് പി. കൃഷ്ണകുമാർ ഉത്തരവിട്ടത്. രണ്ടാം തീയതി ഉച്ചക്ക് രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.
ചൊവ്വാഴ്ച രാവിലെ ഇരുവരുടെയും ഹരജികളിൽ സർക്കാറിന്റെ നിലപാട് തേടിയ കോടതി ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു. എന്നാൽ, പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പായ നരഹത്യ ശ്രമം കൂടി ചുമത്തിയതായി അഭിഭാഷകൻ പിന്നീട് കോടതിയെ അറിയിച്ചു. അതിനാൽ, ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമുന്നയിച്ചു. ഇടക്കാല ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന്, രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാൻ അനുവദിക്കണമെന്ന ആവശ്യം ഹരജിക്കാർ ഉന്നയിച്ചു. സർക്കാർ എതിർക്കാത്ത സാഹചര്യത്തിൽ ഈ ആവശ്യം അനുവദിച്ച കോടതി ഹരജി തീർപ്പാക്കുകയായിരുന്നു. നൃത്തപരിപാടിയുടെ ചടങ്ങിൽ സംബന്ധിക്കാനെത്തിയപ്പോഴാണ് 20 അടിയോളം താഴേക്ക് വീണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്. എം.എൽ.എയുടെ സ്റ്റാഫ് അംഗം ഷാലു വിൻസെന്റ് നൽകിയ പരാതിയിലാണ് വിവിധ വകുപ്പുകൾ ചുമത്തി സംഘാടകർക്കതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിന്റെ വി.ഐ.പി ഗാലറിയില്‍നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും. ഇവരെ കൂടാതെ സംഘാടകരായ മൃദംഗ വിഷൻ രക്ഷാധികാരി നടൻ സിജോയ് വർഗീസിൽനിന്നും വിവരങ്ങൾ തേടും. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തണമോയെന്ന് തീരുമാനിക്കും. പരിപാടിയുടെ സംഘാടനത്തിൽ ഇവരുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുക. മൃദംഗ വിഷനുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ആരോപണങ്ങളും അന്വേഷിക്കും.
അതിനിടെ, കോർപറേഷന്റെ അനുമതി തേടാതെയാണ് നൃത്ത പരിപാടി സംഘടിപ്പിച്ചതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. സംഘാടകർ കോർപറേഷനെ സമീപിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തില്ല. വിനോദ നികുതിയും അടച്ചില്ല. മര്യാദയില്ലാത്ത സമീപമാണ് അവർ സ്വീകരിച്ചത്. തന്നെ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്. വരില്ല എന്ന് അപ്പോൾതന്നെ പറഞ്ഞിരുന്നു.
അവിടെ നടന്നത് ടിക്കറ്റ് വെച്ച് പണം പിരിച്ചുള്ള പരിപാടിയാണ്. അതിന് ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല. കോര്പറേഷന് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംഘാടകർക്ക് നോട്ടീസ് അയക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.