തൊടുപുഴ: മൂന്നാർ ഗ്യാപ് റോഡിൽ നടന്ന അനധികൃത ഖനനത്തിൽ 91 കോടിയുടെ പരിസ്ഥിതി നാശമുണ്ടായെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. 6.28 ലക്ഷം ടൺ പാറ പൊട്ടിച്ച് കടത്തി.
അനധികൃത ഖനനത്തെ തുടർന്നുണ്ടായ മലയിടിച്ചിലിൽ 17.24 ഹെക്ടർ സ്ഥലത്തെ കൃഷിഭൂമി നശിച്ചതായും മലിനീകരണ നിയന്ത്രണ ബോർഡ് ഗ്രീൻ ട്രൈബ്യൂണലിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ദേശീയപാത 85ന്റെ ഭാഗമായ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗം വീതികൂട്ടി നിർമിക്കുന്നതിന്റെ ഭാഗമായാണ് വന്‍തോതില്‍ പാറപൊട്ടിച്ച് കടത്തിയത്. 2017ലാണ് നിര്‍മാണം ആരംഭിച്ചത്.
പ്രാഥമികമായി ലഭിച്ച കണക്കുകൾ പരിശോധിച്ചതിൽ നിന്നുമാത്രം 91 കോടിയുടെ പരിസ്ഥിതി നാശമുണ്ടെന്നാണ് കണ്ടെത്തൽ. റോഡിന്റെ മധ്യത്തിൽനിന്ന് 7.5 മീറ്റർ വീതി കൂട്ടാനായിരുന്നു തീരുമാനം. എന്നാൽ, പാറയുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതി ഇതിലും കൂടി. ഗ്യാപ് റോഡ് ഉൾപ്പെടുന്ന 2.5 കിലോമീറ്ററിൽ മാത്രമുണ്ടായ നാശമാണിത്. അനധികൃത പാറ ഖനനത്തെ തുടർന്ന് പലതവണ ഇവിടെ മണ്ണ് ഇടിച്ചിലുണ്ടാകുകയും ജീവഹാനിവരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ 17.24 ഹെക്ടർ ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതായി മാറി. പാറ വിലയായി 4.5 കോടി ഈടാക്കി അനധികൃത ഖനനം തീർപ്പാക്കാനായിരുന്നു നീക്കം. പിന്നീട് ഇത് 30 കോടിയായി വർധിപ്പിച്ചു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ പരാതിയില്‍ നെടുങ്കണ്ടം മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ തുടര്‍നടപടിയുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.