അനധികൃതമായി തടികടത്താൻ ശ്രമിച്ച വാഹനം വനംവകുപ്പിൻ്റെ കസ്റ്റഡിയിലെടുത്തപ്പോൾ

അനധികൃത തടി കടത്തൽ: കടുത്ത നടപടികളുമായി വനം വകുപ്പ്

അഞ്ചൽ: അനധികൃത തടി കടത്തലിനെതിരെ കടുത്ത നടപടികളുമായി വനം വകുപ്പ്. കഴിഞ്ഞ ഒരാഴ്ചക്കിടെ യാതൊരുവിധ രേഖകളുമില്ലാതെ  നാല് ലോറി തടികളാണ് വനം വകുപ്പ് പിടികൂടിയത്. അഞ്ചല്‍ റേഞ്ച് ഫോറസ്റ്റര്‍ ഓഫീസറുടെ അധിക ചുമതല വഹിക്കുന്ന കുളത്തുപ്പുഴ റേഞ്ച് ഓഫീസര്‍ അരുണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ചാത്തന്നൂരില്‍ നിന്നും കടത്താന്‍ ശ്രമിച്ച തേക്ക് തടിയും ടോറസ് ലോറിയും പിടികൂടിയിരുന്നു.

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പും ഇത്തരത്തിൽ മൂന്നുലോറികളും തടിയും വനം വകുപ്പ് പിടികൂടിയിരുന്നു. അനധികൃത തടി കടത്തല്‍ വ്യാപകമായി എന്ന പരാതിയിലാണ് നടപടി ആരംഭിച്ചത്. കൊല്ലം ജില്ലയില്‍ ഉടനീളം അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി യാഡുകൾ ഉണ്ടെന്നും ഇവിടങ്ങള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ ഇതരസംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ തടി കടത്തുന്നതായുമാണ് വനപാലകർ പറയുന്നത്.

അതേസമയം, അനധികൃത തടികടത്തലിന് പിന്നില്‍ നികുതി വെട്ടിപ്പാണെന്ന ആക്ഷേപവുമുണ്ട്. മതിയായ രേഖകളോടെ തടി കൊണ്ടുപോയാല്‍ ജി.എസ്.ടി ഇനത്തില്‍ ലക്ഷക്കണക്കിന്‌ രൂപ നല്‍കേണ്ടിവരും. അതൊഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.

സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ നിന്നും മുറിക്കുന്ന തടികളാണ് അനധികൃത യാഡുകളില്‍ എത്തിക്കുകയും പിന്നീട് യാതൊരുവിധ രേഖകളുമില്ലാതെ കടത്തുകയും ചെയ്യുന്നത്. ഇത് അന്യസംസ്ഥാനത്തേക്ക് കടത്തുന്നത് വ്യാജരേഖകള്‍ നിർമിച്ചതാണോ എന്നതടക്കം പരിശോധിക്കുകയാണ് അധികൃതര്‍. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Illegal timber smuggling: Forest department to take tough action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.