കോട്ടയം: ലൈംഗികാരോപണത്തിൽ കുടുങ്ങി മലങ്കര ഒാർത്തഡോക്സ് സഭയിലെ അഞ്ചു വൈദികർ. വീട്ടമ്മയായ യുവതിയുമായി ഇവർക്ക് ബന്ധമുണ്ടെന്ന ആരോപിച്ച് ഭർത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് വൻവിവാദമായതോടെ പരാതിയുയർന്ന അഞ്ചു വൈദികരെയും അന്വേഷണ വിധേയമായി സഭ നേതൃത്വം സസ്പെൻഡ് ചെയ്തു.
എന്നാൽ, ഇതുസംബന്ധിച്ച് ഭദ്രാസന മെത്രാപ്പോലീത്തമാർ പുറപ്പെടുവിച്ച ഉത്തരവുകളിൽ ചുമതലകളിൽനിന്ന് മാറ്റിനിർത്താനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമൺ, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തുനിന്ന് നീക്കിയത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുടെ ഭർത്താവ് വൈദികർക്കെതിരെ പരാതി നൽകിയെന്നും ഇതാണ് നടപടിക്ക് പിന്നിലെന്നും സഭയിലെ ഉന്നത നേതൃത്വം രഹസ്യമായി സ്ഥിരീകരിക്കുന്നുമുണ്ട്.
ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സഭ നേതൃത്വം തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. എത്ര നാളത്തേക്കാണ് സസ്‌പെന്‍ഷനെന്നോ ഇവര്‍ക്കെതിരെ മറ്റു നടപടി എന്തൊക്കെയാണെന്നോ വ്യക്തമാക്കുന്നുമില്ല. അതിനിടെ, ഇവരെ സഭയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. പരാതി പൊലീസിനു കൈമാറാതെ മൂടിവെക്കുന്നതിനെതിരെയും വിശ്വാസികളിൽനിന്ന് വിമർശനം ഉയരുന്നുണ്ടെങ്കിലും സഭ നേതൃത്വം ഒൗദ്യോഗികമായി പ്രതികരിക്കാൻ തയാറായിട്ടില്ല. സംഭവം ഒതുക്കിത്തീർക്കാൻ പരാതിക്കാരനിൽ സമ്മർദവും ശക്തമാണ്. വീട്ടമ്മയെക്കൊണ്ട് ഇയാൾക്കെതിരെ പരാതി നൽകാനുള്ള നീക്കങ്ങളും നടക്കുന്നതായാണ് വിവരം.
ആരോപണ വിധേയയായ സ്ത്രീയുടെ ഭര്ത്താവിേൻറതെന്ന പേരില്‍ ഫോണ്‍ സംഭാഷണത്തിെൻറ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. കുടുംബജീവിതം തകര്‍ത്ത വൈദികരെ സഭയില്‍നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. വൈദികരുടെ പേരുകളും വെളിപ്പെടുത്തുന്നുണ്ട്. കുമ്പസാര രഹസ്യങ്ങള്‍ മനസ്സിലാക്കിയ വൈദികന്‍ ഇതുപയോഗിച്ച് വീട്ടമ്മയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്നും സംഭാഷണത്തില്‍ പറയുന്നു.
മറ്റുള്ളവർക്കും വിവരം കൈമാറി. അവരും ബന്ധം സ്ഥാപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും സംഭാഷണത്തിൽ പറയുന്നു. അടുത്തിടെ യുവതി ഇതിലൊരു വൈദികനുമായി കൂടിക്കാഴ്ച നടത്തുകയും ഇത് ഭർത്താവ് അറിയുകയും ചെയ്തതോടെയാണ് സഭ നേതൃത്വത്തിലേക്ക് പരാതികൾ എത്തിയത്. എന്നാൽ, സഭയെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്നും ശബ്ദരേഖയുടെ ആധികാരികതയിൽ സംശയമുണ്ടെന്നും വാദങ്ങളുയരുന്നുണ്ട്. അമേരിക്കയിൽ ഭദ്രാസന ചുതലയുണ്ടായിരുന്ന ബിഷപ്പിനെതിരെയും ലൈംഗികാരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.