തൃശൂർ: സുഹൃത്ത് സുപ്രീംകോടതി ജഡ്ജിയാണെന്ന് അവകാശപ്പെട്ട് ക്രിമിനല്‍ കേസ് റദ്ദാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 5,50,000 രൂപ വാങ്ങി ചതിച്ച കേസിലെ പ്രതി നെന്മണിക്കര തലവാണിക്കര വാരിയത്ത് വളപ്പില്‍ വിജയെൻറ (40) മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജില്ല സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ ഉത്തരവിട്ടു.
സുഹൃത്തായ കണ്ണൂര്‍ ചിറയ്ക്കല്‍ പുതിയതെരു കവിതാലയം വീട്ടില്‍ ജിഗീഷ് (40) സുപ്രീംകോടതി ജഡ്ജിയാണെന്നും പണം തന്നാല്‍ കേസുകള്‍ ഒതുക്കിത്തീര്‍ക്കാമെന്നും പറഞ്ഞ് പാലിയേക്കര പാണാടന്‍ ജോയിയെ പ്രതിയായ വിജയന് കൂട്ടുപ്രതിയായ ജിഗീഷിനൊപ്പം സമീപിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് ജോയ് പണം നല്‍കുകയായിരുന്നു.
നിയമവിരുദ്ധമായ കാര്യത്തിനാണ് പരാതിക്കാരന് തെറ്റായമാർഗത്തിലൂടെ പണം നല്‍കിയതെന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്നും ജിഗീഷിനെ ജോയിക്ക് പരിചയപ്പെടുത്തിക്കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു മുന്‍കൂര്‍ ഹരജിയില്‍ പ്രതി വിജയന് വാദിച്ചത്.
എന്നാല്‍, കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അനര്‍ഹമായ കാര്യങ്ങള്‍ നടത്തിത്തരുന്നതിന് സുപ്രീംകോടതി ജഡ്ജിയായി ആള്‍മാറാട്ടം നടത്തി പ്രതി വിജയന് പരാതിക്കാരനായ ജോയിയില്‍നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ച് കോടതി ഉത്തരവായത്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.