തിരുവനന്തപുരം: പോക്സോ കേസുകളിൽ ശിക്ഷനിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കാൻ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി മനുഷ്യാവകാശ കമീഷൻ ഹൈകോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും കൈമാറി.
പൊതുപ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ നടപടി. എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിൽ നിർത്തുന്ന പരാമർശങ്ങളുണ്ട്.
അന്വേഷണം പൂർത്തിയാക്കാൻ താമസമുണ്ടാകുന്നതായും പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതായും കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അന്വേഷണവേളയിലും വിചാരണവേളയിലും മേൽനോട്ടത്തിൽ വീഴ്ച സംഭവിക്കുന്നു.
വിചാരണവേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നതും കോടതിക്ക് പുറത്ത് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീർപ്പാക്കുന്നതും ശിക്ഷനിരക്കിനെ സ്വാധീനിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
• അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സി ആർ.പി.സി മൊഴി രേഖപ്പെടുത്തണം.
• വാക്കാലുള്ള തെളിവുകളേക്കാൾ സാഹചര്യ / ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി കുറ്റകൃത്യം നടന്നെന്ന് സ്ഥാപിക്കണം.
• രാസ പരിശോധന ഫലം, സീൻ പ്ലാൻ, ജനന സർട്ടിഫിക്കറ്റ്, വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ ശേഖരിക്കുന്നതിൽ താമസം പാടില്ല.
• കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പ് തെളിവുകളെക്കുറിച്ച് നിയമോപദേശം വാങ്ങണം.
• പ്രതിമാസ ക്രൈം കോൺഫറൻസിൽ ജില്ല പൊലീസ് മേധാവിമാർ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം.
• ജില്ല നോഡൽ ഓഫിസർ സൂക്ഷ്മപരിശോധന നടത്തണം.
• വിചാരണ നടപടികളിൽ അതിജീവിതയെ സഹായിക്കാൻ പോക്സോ നിയമത്തിൽ അറിവുള്ള വനിത പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിക്കണം.
• അതിജീവിത കേസിൽനിന്ന് പിന്മാറിയാൽ നേരത്തേ നൽകിയ വിക്ടിം കോമ്പൻസേഷൻ തിരിച്ചു പിടിക്കണം.
• ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ അതിജീവിതയെ സുരക്ഷിതമായി പാർപ്പിക്കണം.
• അതിജീവിതയെ വിക്ടിം ലൈസൺ ഓഫിസർ സ്ഥിരമായി സന്ദർശിക്കണം.
• അതിജീവിതയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ കോടതിയെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.