തിരുവനന്തപുരം: ജനാധിപത്യത്തെ വിൽപ്പനക്ക് വെച്ചവരും വിലക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്രത്തിൽ ലജ്‌ജാകരമായ ഒരു അധ്യായമാണത്. കോൺഗ്രസ്സിനെ ബി.ജെ.പി വിലപേശി വാങ്ങുകയാണ്. കോൺഗ്രസ്സിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബി.ജെ.പി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബി.ജെ.പിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവർ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചുനീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു.
അധികാരത്തോടുള്ള ആർത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് ചാക്കിട്ടുപിടിത്തങ്ങളുടെ പരമ്പരയിലൂടെ വ്യക്തമാകുന്നത്.
കോൺഗ്രസ്സ് പ്രതിനിധിയായി മത്സരിച്ചു വിജയിച്ച എം.എൽ.എമാർക്ക് നിമിഷ വേഗത്തിൽ ബി.ജെ.പി പാളയത്തിലെത്താൻ മടിയുണ്ടാകുന്നില്ല. സ്വന്തം നേതാക്കളായ ജനപ്രതിനിധികൾ പണത്തിന്‍റെ പ്രലോഭനത്തിൽ വീണുപോകാതിരിക്കാൻ അവരെ കൂട്ടത്തോടെ റിസോർട്ടുകളിൽ അടച്ചിടേണ്ടി വരുന്ന അവസ്ഥയേക്കാൾ ദയനീയമായി ഒരു പാർട്ടിക്ക് മറ്റെന്തുണ്ട്?
ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസിനു വോട്ട് ചെയ്യൂ എന്നാണ് അവർ ആവശ്യപ്പെടുന്നത്. കോൺഗ്രസിന്‍റെ പേരിൽ ജയിക്കുന്നവർ ബി.ജെ.പിയിലേയ്ക്ക് മാറാൻ ക്യൂ നിൽക്കുമ്പോൾ കോൺഗ്രസ്സിന് ചെയ്യുന്ന വോട്ടിന്‍റെ ഗതി എന്താകും എന്നുകൂടി അവർ വിശദീകരിക്കണം. പണത്തിനു വേണ്ടി സ്വന്തം രാഷ്ട്രീയത്തെയും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെയും അടിയറ വയ്ക്കാൻ മടിക്കാത്ത കക്ഷിയിൽ നിന്ന് ജനങ്ങൾക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ല.
ബി.ജെ.പിക്ക് എപ്പോഴും വാങ്ങാനുള്ള സാധന സാമഗ്രിയായി കോൺഗ്രസ്സ് സ്വയം മാറുമ്പോൾ ഇടതുപക്ഷ-ജനാധിപത്യ ശക്തികളാണ് ബദൽ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനും, മതനിരപേക്ഷതയ്ക്കും, നാടിന്‍റെ പുരോഗതിക്കുമായി അചഞ്ചലം നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികൾ കൂടുതൽ കരുത്തു നേടേണ്ടതിന്‍റെ അനിവാര്യതയെ ആണ് പുതുച്ചേരിയിലെ അനുഭവം ഓർമിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.