പുനലൂർ: ചുട്ടുപഴുക്കുന്ന പകൽചൂടിൽ പുനലൂർ പട്ടണം വെന്തുരുകുന്നു. കടുത്ത ചൂടിൽനിന്ന് രക്ഷയില്ലാതെ വിയർത്തൊലിച്ച് ജനം കടുത്ത ആശങ്കയിലാണ്. കഴിഞ്ഞയാഴ്ച 35 ഡിഗ്രിക്കുമേൽ പകൽ ചൂട് രേഖപ്പെടുത്തിയത് അടുത്ത ദിവസങ്ങളിലായി 37 ഡിഗ്രി വരെയായി.
അടുത്തിടെ രണ്ടു ദിവസം അടുപ്പിച്ച് ശക്തമായ മഴ ലഭിച്ചിട്ടും ചൂടിന് കുറവില്ല. രാവിലെ പത്തോടെ അനുഭവപ്പെടുന്ന കഠിന ചൂട് ഉച്ചക്ക് രണ്ടോടെ മനുഷ്യന് താങ്ങാവുന്നതിനും മേലാകും. അർധരാത്രിവരെയും ചൂടിെൻറ തീക്ഷ്ണത നിലനിൽക്കുന്നു. ഇതിനിടയിൽ വിയർത്തുകുളിക്കുന്ന ആളുകൾ പലവിധ അസ്വസ്ഥതയും നേരിടുന്നു. പുലർച്ചയാണ് അൽപമെങ്കിലും തണുപ്പ് അനുഭവപ്പെടുന്നത്. ചൂട് കാരണം കോൺക്രീറ്റ് കെട്ടിടങ്ങളിൽ പകലും രാത്രിയിലും കഴിഞ്ഞുകൂടാൻ പറ്റുന്നില്ല. കൊടുംചൂടിെൻറ ഇനിയുള്ള രണ്ടുമൂന്നു മാസങ്ങൾ എങ്ങനെ തരണം ചെയ്യുമെന്നത് പട്ടണവാസികളുടെ മുന്നിൽ പ്രധാന ചോദ്യച്ചിഹ്നമായി.
അഞ്ചാറുവർഷമായി അനുഭവപ്പെടുന്ന അഭൂതപൂർവമായ ചൂട് പുനലൂരിനെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലങ്ങളിൽ ഒന്നാക്കിക്കഴിഞ്ഞു.
പ്രകൃതിദത്തമായി ഒട്ടേറെ പ്രത്യേകതകളും മറ്റിടങ്ങളെക്കാൾ ജലസാന്നിധ്യവും കുന്നുകളും മലകളും ഒപ്പം പച്ചപ്പും നിറഞ്ഞ ഇവിടെ ചൂടു കൂടുന്നതിെൻറ കാരണം കണ്ടെത്താൻ കാര്യമായ ശ്രമവും പരിഹാര മാർഗങ്ങളും ഇനിയുമുണ്ടായിട്ടില്ല. ചുറ്റും കോട്ടതീർത്തതുപോലുള്ള കുന്നുകളാണ് പട്ടണത്തിൽ ഇത്രയും ചൂടിനിടയാക്കുന്നതെന്ന് ഒരു സ്കൂളിലെ കുട്ടികൾ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനെ അടിസ്ഥാനമാക്കി മറ്റ് പഠനങ്ങളും നിരീക്ഷണങ്ങളുമുണ്ടായിട്ടില്ല. തമിഴ്നാട്ടിൽനിന്ന് അതിർത്തി കടന്നെത്തുന്ന കിഴക്കൻ കാറ്റിെൻറ സാന്നിധ്യവും പുനലൂരിനെ ചൂടാക്കുന്നതായി അഭിപ്രായമുണ്ട്. പുനലൂരിലെ കാലാവസ്ഥ നിരീക്ഷിക്കാൻ കലയാട്ട് നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. മഴ, ചൂട്, കാറ്റ് എന്നിവയുടെ അളവ് രേഖപ്പെടുത്തുന്നതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നുമില്ല.
പുനലൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടുള്ള പുനലൂർ പട്ടണത്തിലെ നിർമാണ പ്രവർത്തനങ്ങളിലും മറ്റും പുനർവിചിന്തനം വേണമെന്ന ആവശ്യം ഉയരുന്നു. പകൽചൂട് പ്രതിരോധിക്കുന്നതും മനുഷ്യന് ആശ്വാസം നൽകുന്നതുമായ പ്രകൃതി സൗഹൃദ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ ഒരു പരിധിവരെ ചൂട് തരണം ചെയ്യാനാകും.
എന്നാൽ, ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തി ചൂടിനെ പ്രതിരോധിക്കാനുതകുന്ന നിർമാണ പ്രവർത്തനങ്ങളിലടക്കം പൊളിച്ചെഴുത്ത് വേണ്ടതുണ്ട്. എന്നാൽ, ദൗർഭാഗ്യവശാൽ പട്ടണത്തിന് തണലായിരുന്ന പാതയോരത്തെ മരങ്ങളടക്കം വെട്ടിമുറിച്ചാണ് റോഡ് പണിയും കെട്ടിടനിർമാണവും നടക്കുന്നത്. അടുത്തിടെ പട്ടണത്തോടനുബന്ധിച്ച് നടന്ന ലിങ്ക് റോഡ് , മലയോര ഹൈവേ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി തണൽ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു.
പകരം ഒരു തൈപോലും വെച്ചുപിടിപ്പിക്കാൻ ആരും തയാറായില്ല. പട്ടണത്തിനു ചുറ്റുമുണ്ടായിരുന്ന നീർത്തടങ്ങളായ നൂറുകണക്കിന് ഏക്കർ വയലേലകളും മണ്ണിട്ടു നികത്തി ബഹുനില മന്ദിരങ്ങൾ ഉയർന്നുകഴിഞ്ഞു. കുന്നിടിപ്പും നീർത്തടം നികത്തലും നിയമവിധേയമായും അല്ലാതെയും ഇപ്പോഴും തകൃതിയായി നടക്കുന്നു. ചൂടിനെ പ്രതിരോധിക്കാനും പ്രകൃതി സംരക്ഷണത്തിനുമായി നഗരസഭ ബജറ്റിൽ സ്പന്ദനം എന്ന പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാതയോരത്തും കളിസ്ഥലങ്ങൾക്കും ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കാനും കാവുകളും കുളങ്ങളും സംരക്ഷിക്കാനുമാണ് ലക്ഷ്യം. ഇതിനായി 10 ലക്ഷം രൂപയും വകയിരുത്തി. മുൻ വർഷങ്ങളിലും ഇതുപോലെ പല പദ്ധതികളും ബജറ്റിൽ സ്ഥാനംപിടിച്ചെങ്കിലും വേണ്ടപോലെ നടപ്പാക്കിയിെല്ലന്നതും നഗരവാസികൾ ഓർക്കുന്നു.
പുനലൂർ: പുനലൂരിലെ കഠിന ചൂട് സൂര്യാതപം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ വർഷവും പുനലൂരിലും പരിസരത്തുമായി നിരവധിയാളുകൾക്ക് സൂര്യാതപത്തിൽ പൊള്ളലേറ്റിരുന്നു.
ഇത്തവണത്തെ ചൂടിെൻറ ഉയർച്ച കൂടുതൽ ഭീതിയുയർത്തുന്നു. കൂടാതെ, വെയിലേൽക്കുന്നതുമൂലം തലവേദന, തളർച്ച, കാഴ്ച പ്രശ്നങ്ങൾ, ചൂടുകുരു തുടങ്ങിയ പല രോഗങ്ങളും മിക്കവരിലും അനുഭവപ്പെടുന്നു. ഉച്ചസമയത്ത് ചൂട് ഏൽക്കാതിരിക്കലും കൂടുതൽ വെള്ളം കുടിക്കാനും വിശ്രമിക്കാനുമാണ് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നത്. ഉച്ചക്ക് തുറസ്സായ സ്ഥലങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.