ശബരിമല: കോവിഡും ഒമിക്രോണും പടരുന്ന സാഹചര്യത്തിലും ശബരിമലയില്‍ നിയന്ത്രണം പാളുന്നു. ആദ്യഘട്ടങ്ങളില്‍ സാനിറ്റൈസര്‍ നിറച്ച സ്റ്റാന്‍ഡ് ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായിരുന്നു. ഇപ്പോള്‍ അവയൊന്നും ലഭ്യമല്ലാത്ത സ്ഥിതിയാണ്. അയ്യപ്പഭക്തർ കൂട്ടമായി മാസ്ക് ധരിക്കാതെയെത്തുന്നത് പതിവ് കാഴ്ചയാണ്.
വരുന്നവര്‍ സ്വന്തം നിയന്ത്രണത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന അറിയിപ്പ് മാത്രമാണുള്ളത്. സന്നിധാനത്ത് ഏറ്റവും വലിയ കൂടിച്ചേരലുണ്ടാകുന്ന ശ്രീകോവിലിനു മുന്നിലാണ് ഇതു കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത്. ഇതരസംസ്ഥാനത്തുനിന്നും എത്തുന്ന ഭൂരിഭാഗം പേരും മാസ്ക് ഉപേക്ഷിച്ചമട്ടിലാണ്. ഇത് സന്നിധാനത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബോര്‍ഡ് ജീവനക്കാര്‍ക്കും നേരിട്ടു ബുദ്ധിമുട്ട് സൃഷ്ടിക്കും. രണ്ടുദിവസം മുമ്പ് ആര്.എ.എഫ് ക്യാമ്പിലെ ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഭക്ഷണശാലകളിലും പ്രസാദവിതരണ കേന്ദ്രത്തിലുമെല്ലാം തീർഥാടകർ കൂട്ടംകൂടുന്നുണ്ട്. അവിടെയെന്നും സാനിറ്റൈസറോ മറ്റു സുരക്ഷാ ക്രമീകരണമോ ഇല്ലാത്ത സ്ഥിതിയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലിചെയ്ത തൊഴിലാളികള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.
കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചാല്‍ മാത്രമേ ഇക്കാര്യം നിയന്ത്രണത്തിലാക്കാന്‍ കഴിയൂ. 12 മണിക്കൂര്‍ മാത്രമേ ശബരിമലയില്‍ ഭക്തര്‍ തങ്ങാവൂ എന്ന നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത് തിരക്ക് കുറച്ച് കോവിഡ് വ്യാപനം സൃഷ്ടിക്കപ്പെടാതിരിക്കാനാണ്. എന്നാല്‍, ഈ സമയനിയന്ത്രണം കൊണ്ട് ലക്ഷ്യമിട്ട കാര്യം നടപ്പാകാന്‍ അനുബന്ധ പ്രവര്‍ത്തനം അത്യാവശ്യമാണ്. കഴിഞ്ഞ ദിവസം സന്നിധാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തിലും കോവിഡ് വ്യാപനം സംബന്ധിച്ചുള്ള ആശങ്ക ഉന്നയിക്കപ്പെട്ടിരുന്നു.
കോവിഡ് പ്രതിരോധമരുന്നുകള്‍ ആരോഗ്യവകുപ്പിന്റെ പക്കല്‍ ലഭ്യമാണെന്നും അത് വിതരണം ചെയ്യാമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അറിയിച്ചത്. മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട് കോവിഡിനെ അകറ്റാം എന്ന തത്ത്വം ശബരിമലയിലെ വന്‍തിരക്കില്‍ പ്രായോഗികമല്ലെങ്കിലും കുറഞ്ഞപക്ഷം മാസ്ക് എങ്കിലും എല്ലാവരും ധരിച്ചെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ അത്രയെങ്കിലും പ്രതിസന്ധി പരിഹരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.