തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിലെ അപാകത പരിഹരിക്കാനും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുമുള്ള ശിപാർശ ഡി.ജി.പി സർക്കാറിന് സമർപ്പിച്ചു. ശമ്പള പരിഷ്കരണ കമീഷൻ ശിപാർശയിൽ പൊലീസുകാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ചെന്നും വിവേചനമുണ്ടാക്കിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പരിശോധിച്ച് സമർപ്പിച്ച റിപ്പോർട്ടനുസരിച്ചാണ് പുതിയ ശിപാർശ. ഇത് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി അനിൽ കാന്ത് കൈമാറി. അലവൻസ്, എച്ച്.ആർ.എ ഉൾപ്പെടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നാണ് പ്രധാന നിർദേശം. ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് മുമ്പ് ലോക്നാഥ് ബെഹ്റയും ചില ശിപാർശകൾ സമർപ്പിച്ചിരുന്നു. ഇക്കാര്യങ്ങളും പുതിയ റിപ്പോർട്ടിലുണ്ട്.
ലോക്കൽ, ക്യാമ്പ്, സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെ സേനാംഗങ്ങളുടെ ശമ്പളത്തിലുണ്ടായ വേർതിരിവിന് പരിഹാരം കാണുന്ന ശിപാർശകളാണ് ഡി.ജി.പി സമർപ്പിച്ചത്.
അഗ്നിശമന സേന, വനം വകുപ്പ് എന്നിവയിലെ പോലെ കോൺസ്റ്റബിൾ, ഹവീൽദാർമാർ എന്നിവർക്ക് ബാരക്ക് അലവൻസിന് പകരം എച്ച്.ആർ.എ അനുവദിക്കണമെന്നതാണ് ഇതിൽ പ്രധാനം. ജീവൻപോലും പണയംവെച്ച് ജോലി ചെയ്യുന്ന പൊലീസുകാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം റിസ്ക് അലവൻസ് അനുവദിക്കണം.
പൊലീസ് പൊതുവിഭാഗത്തിലെ ഡ്രൈവർ പി.സി, ഹവീൽദാർ എന്നിവരുടെ സ്പെഷൽ അലവൻസ് ബറ്റാലിയനിലെ ഡ്രൈവർമാരെക്കാൾ കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗം ഡ്രൈവർമാരുടെയും അലവൻസുകൾ ഏകീകരിക്കണം.
സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ അംഗങ്ങൾക്കും ഡേ ഓഫ് അലവൻസ് ലഭ്യമാക്കണം. സ്റ്റേഷൻ റൈറ്റർ അലവൻസ് മാസം 1000 രൂപയാക്കി നിശ്ചയിക്കണം. എസ്.ഐയായി നേരിട്ട് ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥന് 22 വർഷം പൂർത്തിയാകുമ്പോൾ മൂന്നാംഘട്ട സ്ഥാനക്കയറ്റം ലഭ്യമാക്കണം. യൂനിഫോം ചെലവ് കൂടുതലാണെന്നതിനാൽ രണ്ട് ജോടി യൂനിഫോമിന്റെ തുകയായ 10,000 രൂപ പ്രതിവർഷം എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അനുവദിക്കണം. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ ഡി.വൈ.എസ്.പിമാർക്കും സൈബർ അലവൻസ് ലഭ്യമാക്കണം. പൊലീസ് ഓർക്കസ്ട്ര വിഭാഗത്തിന്റെ സ്പെഷൽ അലവൻസിലും മാവോവദാി വേട്ടക്കായി നിയോഗിച്ച തണ്ടർബോൾട്ട് വിഭാഗത്തിന്റെ അലവൻസിലും മാറ്റം വരുത്തണമെന്നും ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.