കൊച്ചി: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മികവ്, കിരണം പദ്ധതികളുടെ ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. ഉമ തോമസ് എം. എൽ. എ മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ ഡോ. രേണുരാജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഡോണോ മാസ്റ്റർ, റാണിക്കുട്ടി ജോർജ്, ആശ സനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോർജ്, മനോജ് മൂത്തേടൻ, എ. എസ് അനിൽകുമാർ, ശാരദ മോഹൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജി. പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.
പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതിയാണ് മികവ്. അഭ്യസ്തവിദ്യരായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ് ട്രെയിനിങ് നൽകുന്ന പദ്ധതിയാണ് കിരണം. രണ്ട് പദ്ധതികൾക്കുമായി ഒരു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. 350 പേർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.
ചടങ്ങിന് മുന്നോടിയായി ഉച്ചക്ക് 1.30 മുതൽ കുടുംബശ്രീ വനിതകളുടെ ചെണ്ടമേളം, നാടൻ പാട്ട് കലാകാരൻ നിധീഷ് നയിക്കുന്ന നാടൻ പാട്ട് എന്നിവയും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.