പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവം: വിദ്യാർഥിയുടെ പരാതിയിൽ ഇടപെടാതെ മനുഷ്യാവകാശ കമീഷൻ

കൊച്ചി: മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച വിദ്യാർഥിക്ക് തുടർപഠന യോഗ്യത അനുവദിക്കാതെ നൽകിയ ടി.സി പിൻവലിച്ച് പഠനം പുനരാരംഭിക്കാൻ കഴിയുന്ന തരത്തിൽ ടി.സി നൽകണമെന്ന ആവശ്യത്തിൽ ഇടപെടാൻ മനുഷ്യാവകാശ കമീഷൻ വിസമ്മതിച്ചു. പരാതിയിൽ ഇടപെടാനുള്ള സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

കണ്ണൂർ മാമംഗലം സ്വദേശി കെ. ഹരികൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. മഹാരാജാസ് കോളജ് പ്രിൻസിപ്പലിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു.

കസേര കത്തിച്ച സംഭവത്തിൽ പരാതിക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2017 മേയ് 16ന് ടി.സി നൽകി ഡിസ്മിസ്​ ചെയ്യുകയായിരുന്നു എം.എ പൊളിറ്റിക്കൽ സയൻസ് ഒന്നാംവർഷ വിദ്യാർഥിയായിരുന്ന ഹരികൃഷ്ണന്‍റെയും കേസിൽ പ്രതികളായ ആറ്​ വിദ്യാർഥികളുടെയും ഡിസ്മിസൽ ഉത്തരവ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ രജിസ്ട്രേഡ് തപാലിൽ അയച്ചുകൊടുക്കുകയായിരുന്നു.

പരാതിക്കാരനായ ഹരികൃഷ്ണൻ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയില്ല. ഇദ്ദേഹത്തിന്റെ ടി.സിയും സ്വഭാവ സർട്ടിഫിക്കറ്റും എം.ജി സർവകലാശാല രജിസ്ട്രാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഔദ്യോഗിക കസേര കത്തിക്കൽ സംഭവത്തിൽ നിയമിച്ച നാല് അന്വേഷണ കമീഷനും റിപ്പോർട്ട് സമർപ്പിച്ചതായും കമീഷനെ അറിയിച്ചു. തുടർന്നാണ്​ പരാതി തീർപ്പാക്കിയത്​. പ്രിൻസിപ്പൽ സദാചാര പൊലീസ്​ ചമയുന്നെന്ന്​ ആരോപിച്ച്​ പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തിലാണ്​ എസ്​.എഫ്​.ഐ പ്രവർത്തകരായ പ്രതികളെ പുറത്താക്കിയത്​.

Tags:    
News Summary - incident of burning principal's chair: Human Rights Commission did not intervene in the student's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.