ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ച് നികുതി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് ആദായനികുതി വകുപ്പ്. പരിശോധന നടത്തിയപ്പോള്‍ പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ അഴിമതിക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഒരുവിധ ആസൂത്രണവുമില്ലാതെ വകുപ്പുകള്‍ സൃഷ്ടിച്ചാണ് സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കമീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിശ്വാസ്യത ഉറപ്പുവരുത്താതെ സൃഷ്ടിച്ച ഇത്തരം വകുപ്പുകള്‍ മൂലം അക്കൗണ്ടുകള്‍ പരിശോധിച്ച് ആദായനികുതി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. ആവശ്യപ്പെട്ടിട്ടും ദേവസ്വം ഫയലുകള്‍ നല്‍കുന്നില്ല.
ആദായനികുതിയുമായി ബന്ധപ്പെട്ട് ദേവസ്വത്തിന് നല്കിയ നോട്ടീസുകള്‍ക്ക് പ്രതികരിക്കുകയോ കാരണം ബോധിപ്പിക്കുകയോ ചെയ്യുന്നില്ല. 1961ലെ ആദായനികുതി നിയമത്തിന്റെ ലംഘനമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നിയമപ്രകാരമുള്ള നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിച്ചതിനാല്‍ ദേവസ്വം ഓഫിസില്‍ തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിന് ശേഷം നിയമപ്രകാരമുള്ള ഓഡിറ്റ് നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരുവിധ അക്കൗണ്ടിങ് തത്ത്വങ്ങളും പാലിച്ചിട്ടില്ലെന്ന് വ്യക്തമായതായും വാര്‍ത്തകുറിപ്പില്‍ പറഞ്ഞു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയ സ്ഥാപനമാണ് ഗുരുവായൂര്‍ ദേവസ്വമെന്നും ഇതുവരെ തങ്ങള്‍ ആദായനികുതി നല്‍കിയിട്ടില്ലെന്നുമാണ് ദേവസ്വം അധികൃതരുടെ വാദം.
ദേവസ്വം ആദായനികുതി റിട്ടേണും നല്‍കാറില്ല. ഗുരുവായൂര്‍ ദേവസ്വത്തില്‍ ഓഡിറ്റ് നടക്കാറില്ല എന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ദേവസ്വം ഓഫിസില്‍ തന്നെ സ്വന്തമായ ഓഫിസ് സംവിധാനത്തോടെ പ്രവര്‍ത്തിച്ച് കണ്‍കറന്റ് ഓഡിറ്റ് നടത്തുന്നുണ്ടെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.