കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കെട്ടിട നിർമാതാക്കളുടെയും കരാറുകാരുടെയും ആർകിടെക്റ്റുകളുടെയും ഓഫിസിലും വീടുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 150 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.
ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ബംഗളൂരുവിലെയും സംസ്ഥാനത്തെ മറ്റിടങ്ങളിലെയും കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടന്നു. മഞ്ചേരിയിലെ വീട്ടിൽനിന്ന് കണക്കിൽപെടാത്ത 15 കോടി രൂപയും മറ്റ് വീടുകളിൽ നിന്നായി മൂന്ന് കോടിയും കണ്ടെടുത്തെന്ന് ആദായനികുതി അന്വേഷണ വിഭാഗം അറിയിച്ചു.
നിർമാണ മേഖലയിലെ ഏറ്റവും വലിയ പരിശോധനയാണിതെന്നും സമീപകാലത്ത് ഇത്രയുമധികം പണം പിടികൂടിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. വീട്ടിൽ പ്രത്യേക ലോക്കറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. കോഴിക്കോട്ടെ പരിശോധനയിൽ സഹകരണ ബാങ്കുകളിലടക്കം കണക്കിൽ വരാത്ത പണം നിക്ഷേപിച്ച രേഖകളും കണ്ടെത്തിയെന്ന് അദായനികുതി കേന്ദ്രങ്ങൾ വ്യക്തമാക്കി. ഫർണിച്ചർ വ്യാപാരമടക്കം 10ലേറെ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
നിർമാണമേഖലയിൽ വലിയ തോതിൽ ക്രമക്കേടും നികുതിവെട്ടിപ്പും നടക്കുന്നതായ സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഉപഭോക്താക്കളുടെ പട്ടികകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.