തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിലുണ്ടായ അമ്പരപ്പിക്കുന്ന വർധന പ്ലസ് വൺ പ്രവേശനത്തിൽ വൻ പ്രതിസന്ധിയാകും. 1,21,318 പേർക്കാണ് ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. കഴിഞ്ഞവർഷം ഇത് 41,906 ആയിരുന്നു. എ പ്ലസ് നേടിയവരിൽ മഹാഭൂരിഭാഗവും സയൻസ് ഗ്രൂപ്പിൽ പ്രവേശനം തേടുന്നവരായിരിക്കും.
സംസ്ഥാനത്താകെ സർക്കാർ സ്കൂളുകളിൽ 64,000 പ്ലസ് വൺ സയൻസ് സീറ്റാണുള്ളത്. എയ്ഡഡിൽ 88,800 ഉം. അൺ എയ്ഡഡ്/ സ്പെഷൽ/ ടെക്നിക്കൽ/ െറസിഡൻഷ്യൽ സ്കൂളുകളിൽ 33,176 സയൻസ് സീറ്റുണ്ട്. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട ഒഴികെയുള്ളവയിലേക്കുമാണ് ഏകജാലക പ്രവേശനം നടത്തുന്നത്.
കഴിഞ്ഞവർഷം സി.ബി.എസ്.ഇ സിലബസിൽ പഠിച്ച 39,335 പേരാണ് സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയത്. ഇവരിൽ 15,000ൽ പരം പേർക്ക് അലോട്ട്മെൻറ് ലഭിച്ചു.
െഎ.സി.എസ്.ഇ സിലബസിൽ പഠിച്ച 3887 പേരും മറ്റ് സിലബസുകളിൽ പഠിച്ച 11,275 പേരും ഏകജാലകപ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. എസ്.എസ്.എൽ.സി ജയിച്ചവർക്ക് പുറമെ മറ്റ് സിലബസിൽ പത്താം ക്ലാസ് വിജയിച്ച കുട്ടികൾ കൂടി അപേക്ഷകരാകുന്നതോടെ പ്ലസ് വൺ സീറ്റിനായുള്ള മത്സരം കടുക്കും. കടുത്ത മത്സരം സയൻസ് കോമ്പിനേഷനുകളിലായിരിക്കും. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 1,21,318 വിദ്യാർഥികൾക്ക് പോലും ഇഷ്ട സ്കൂളും വിഷയ കോമ്പിേനഷനും ലഭിക്കാൻ പ്രയാസമായിരിക്കും. നിലവിൽ സീറ്റ് ക്ഷാമമുള്ള വടക്കൻജില്ലകളിൽ പ്രതിസന്ധി വർധിക്കും. മലപ്പുറം ജില്ലയിൽ മാത്രം 18970 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ 8185 ഉം എയ്ഡഡിൽ 9005 ഉം ഉൾപ്പെടെ 17190 സയൻസ് സീറ്റാണുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 1780 കുട്ടികൾക്ക് സയൻസ് ബാച്ചുകളിൽ സീറ്റ് ലഭിക്കില്ലെന്ന് ചുരുക്കം.
മലപ്പുറത്ത് അൺഎയ്ഡഡ് സ്കൂളുകളിൽ 4686 സീറ്റാണ് സയൻസിനുള്ളത്. ആനുപാതിക സീറ്റ് വർധന അനുവദിച്ചാൽ പോലും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് ഇഷ്ട സ്കൂളുകളും വിഷയ കോമ്പിനേഷനും ലഭിക്കില്ലെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.