തിരുവനന്തപുരം: കെട്ടിടനിർമാണ അനുമതി, അപേക്ഷ നിരക്ക് മുതൽ വസ്തു (കെട്ടിട) നികുതി വരെ കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിലായത് സാധാരണക്കാർക്കൊപ്പം വൻകിടക്കാരും. 10,000 ചതുരശ്ര മീറ്ററിലെ നിര്‍മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കിയാണ് സർക്കാർ ഉയർത്തിയത്. ഇതോടെ സംസ്ഥാനത്തെ വൻകിട നിര്‍മാതാക്കൾ വൻ പ്രതിസന്ധിയിലാണ്.
10,000 ചതുരശ്ര മീറ്ററിൽ കോര്പറേഷൻ പരിധിയിൽ കെട്ടിട നിർമാണ പെര്‍മിറ്റെടുക്കാൻ ചെലവ് വന്നിരുന്നത് ഒരുലക്ഷം രൂപയായിരുന്നു. നിരക്ക് പുതുക്കിയപ്പോൾ 20 ലക്ഷമായി ഉയർന്നു. മാത്രമല്ല, ഇതിനൊപ്പം കൊമേഴ്സ്യൽ നിരക്കിലുള്ള അപേക്ഷ ഫീസും സർവിസ് ടാക്സും സെയിൽസ് ടാക്സും നൽകണം.1200 ചതുരശ്രയടി വീടാണ് സാധാരണ നഗരങ്ങളിൽ ഉൾപ്പെടെ പണിയുന്നത്. ഏപ്രിൽ ഒമ്പത് വരെ അപേക്ഷ ഫീസും പെർമിറ്റ് ഫീസ് (സർവിസ് ചാർജും സെയിൽസ് ടാക്സും ഉൾപ്പെടെ) 712 രൂപയായിരുന്നു. അതിപ്പോൾ 13,530 രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇതാണ് സാധാരണക്കാരന്റെ കൈപൊള്ളിക്കുന്നത്.
തനത് വരുമാന വർധന ലക്ഷ്യമിട്ട് സേവന നിരക്കുകളും നികുതികളും പരിഷ്കരിച്ച സര്‍ക്കാര്‍ നടപടിയോടെ നിര്‍മാണ മേഖലയാകെ തകിടം മറിഞ്ഞെന്നാണ് ചെറുകിട- വൻകിട നിര്‍മാതാക്കളുടെ പരാതി. നിര്‍മാണ പെർമിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതൽ ചെലവ് കുത്തനെ കൂടി. 10,000 ചതുരശ്ര മീറ്ററിന് കോര്പറേഷൻ പരിധിയിലെ പെര്‍മിറ്റ് ഫീസ് 1,00,050 രൂപയിൽനിന്ന് 20,05,000 രൂപയായി. മുനിസിപ്പാലിറ്റിയിൽ 70,030 രൂപയിൽനിന്ന് 20,04,000 രൂപയായി. 50,020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 1,50,300 രൂപയായി. വിവിധ ഫീസുകളും പെര്‍മിറ്റ് നിരക്കും വർധിച്ചതിന് പുറമെ നിര്‍മാണ സാമഗ്രികളുടെ വൻ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ ചതുരശ്ര അടിക്ക് നിര്‍മാണ നിരക്ക് 3000-3500 രൂപയായി.
വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജി.എസ്.ടിയും ഒമ്പത് ശതമാനം രജിസ്ട്രേഷൻ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകൾക്ക് 1.20 ശതമാനം വേറെയും മുടക്കണം. പ്രതിസന്ധി തീര്ക്കാര് സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് വൻകിട നിർമാതാക്കളുടെ ആവശ്യം. നിരക്ക് വർധിപ്പിച്ചാൽ മാത്രം പോര, സേവനങ്ങൾ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന പറയുന്നു.
നിലവിലെ കെട്ടിടത്തിന്റെ മുകളിൽ ഒരുനില കൂടി പണിയുമ്പോൾ ഇപ്പോൾ പെർമിറ്റ് ഫീസ് കണക്കാക്കുന്നത് രണ്ട് നിലകളുടെയും വിസ്തീർണത്തിന്റെ അനുപാതത്തിലാണ്. ഇത് സാധാരണക്കാരന് ഇരുട്ടടിയാണ്. പെർമിറ്റ് ഫീസും അപേക്ഷാ ഫീസും പത്തിരട്ടിയായി വർധിപ്പിച്ച നടപടിക്കൊപ്പം അനുപാതവും അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ഓൾ കേരള ബിൾഡിങ് ഡിസൈനേഴ്സ് ഓർഗനൈസേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: പഴയ വീടുകളിൽ ഏതെങ്കിലും തരത്തിലുള്ള അധിക നിർമാണങ്ങൾ നടന്നിട്ടുണ്ടാകുമെന്നതിനാൽ പുതിയ നികുതിവലയിൽ അവ ഉൾപ്പെടാൻ സാധ്യത. കെട്ടിടത്തിന്റെ വസ്തുനികുതി നിർണയിച്ച ശേഷം തറ വിസ്തീർണത്തിലോ ഉപയോഗക്രമത്തിലോ (പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതുപോലുള്ളവ) മാറ്റം വരുത്തിയാൽ 30 ദിവസത്തിനകം രേഖാമൂലം തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കണമെന്നാണ് ചട്ടത്തിലുള്ളത്.
ഇല്ലെങ്കിൽ 1,000 രൂപ പിഴ നൽകണം. മേയ് 15ന് മുമ്പ് ഇത്തരം അധിക നിർമാണങ്ങൾ രേഖാമൂലം അറിയിച്ചാൽ പിഴയിൽനിന്ന് രക്ഷപ്പെടാം. വീടുകളിലാണെങ്കിൽ എല്ലാ അധികനിർമാണങ്ങൾക്കും നികുതിയില്ല. ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ച് തിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കിൽ നികുതി നൽകേണ്ട. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരക്കും നികുതിയില്ല.
ഒരു കെട്ടിടത്തിൽനിന്ന് വേറിട്ടുള്ള ശുചിമുറി, വിറകുപുര, കാലിത്തൊഴുത്ത്, വളർത്തുമൃഗങ്ങൾക്കോ വളർത്തുപക്ഷികൾക്കോ ഉള്ള കൂട്, കാർ ഷെഡ്, പമ്പ് ഹൗസ് തുടങ്ങിയ നിർമാണങ്ങളും നികുതിയുടെ പരിധിയിൽ വരില്ല. ദേശീയപാത, പ്രധാന റോഡുകൾ എന്നിവയിൽനിന്ന് പ്രവേശനമാർഗം ഉണ്ടെങ്കിൽ നികുതി, അടിസ്ഥാന നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.