രജിസ്ട്രേഷന്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്ട്രേഷന് 2014 നവംബറിന് ശേഷം 100മുതല്‍ 300 ശതമാനം വരെ ഫീസ് വര്‍ധിപ്പിച്ചിട്ടും രജിസ്ട്രേഷന്‍ വകുപ്പിന് മതിയാകുന്നില്ല. ന്യായവില 25 ശതമാനമെങ്കിലും കൂട്ടി ആധാരങ്ങളുടെ രജിസ്ട്രേഷന്‍ നടത്തിയില്ളെങ്കില്‍ സ്ഥാനക്കയറ്റം നല്‍കില്ളെന്നും കലക്ഷന്‍ കുറഞ്ഞ സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് സ്ഥലം മാറ്റുമെന്നും സബ് രജിസ്ട്രാര്‍മാര്‍ക്ക് വകുപ്പ് മേധാവികളുടെ ഭീഷണി. ഇതിനത്തെുടര്‍ന്ന് ന്യായവില 25ശതമാനം വര്‍ധിപ്പിച്ച് ആധാരങ്ങള്‍ തയാറാക്കാന്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ ലൈസന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, സ്വയം ആധാരമെഴുതാന്‍ നിയമമുള്ളപ്പോള്‍ ആധാരമെഴുത്തുകാരെ ന്യായവില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ ന്യായവില പുതുക്കി നിശ്ചയിക്കുകയോ വര്‍ധിപ്പിക്കുകയോ ചെയ്യുകയാണ് വേണ്ടതെന്നുമാണ് ആധാരമെഴുത്ത് സംഘടനകളുടെ നിലപാട്.

25 ലക്ഷം രൂപ ന്യായവിലയുള്ള ഭൂമി 2014 നവംബര്‍ വരെ വിലയാധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി രണ്ടു ലക്ഷം രൂപയായിരുന്നു ചെലവായിരുന്നത്. എന്നാല്‍, 2014 നവംബര്‍11ന് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ന്യായവില 50ശതമാനം വര്‍ധിപ്പിച്ചു. അതുപ്രകാരം 25 ലക്ഷം രൂപ ന്യായവിലയുള്ള ഭൂമി ഇപ്പോള്‍ 37,50,000 രൂപ ന്യായവില കണക്കാക്കി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി 3,75,000  രൂപ നല്‍കണം. ഈ ഭൂമി മൂന്നു മാസത്തിനുള്ളില്‍ കൈമാറ്റം രജിസ്റ്റര്‍ ചെയ്താല്‍ 6,67,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരും. ഇത്തരത്തില്‍ ന്യായവിലയുള്ള ഭൂമി കുടുംബാംഗങ്ങള്‍ തമ്മിലെ കൈമാറ്റത്തിന് രജിസ്ട്രേഷനായി 26,000 രൂപ വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ 1,50,000 രൂപ ചെലവിടണം.

സബ് രജിസ്ട്രാര്‍മാരുടെ യോഗം 22ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍മാരെയും ഉള്‍പ്പെടുത്തി തലസ്ഥാനത്ത് യോഗം വിളിക്കുന്നു. രജിസ്ട്രേഷന്‍ മന്ത്രിയും ഉദ്യോഗസ്ഥ മേധാവികളും പങ്കെടുക്കുന്ന യോഗത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. തൈക്കാട് റെസ്റ്റ് ഹൗസില്‍ ഒക്ടോബര്‍ 22ന് രാവിലെയും ഉച്ചക്കുമായി രണ്ട് ഘട്ടമായാണ് യോഗം. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് രാവിലെ 10നും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ക്ക് ഉച്ചക്ക് രണ്ടിനുമാണ് യോഗങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. 314 സബ് രജിസ്ട്രാര്‍മാരെയും എല്ലാ ജില്ലാ രജിസ്ട്രാര്‍മാരെയും ഉള്‍പ്പെടുത്തി വകുപ്പിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ യോഗം വിളിക്കുന്നത്.

Tags:    
News Summary - 'increase revenue- registration department directs sub registsars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.