തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
അതിദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേകം പദ്ധതികൾ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു സംസ്ഥാനം ഇത്തരം മുൻകൈ എടുക്കുന്നത് ആദ്യമായാണ്.64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. 2025ഓടെ കേരളത്തിൽനിന്നും അതിദാരിദ്ര്യം തുടച്ചുനീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജില്ലകളിൽ വിവിധ മന്ത്രിമാരും ദേശീയപതാക ഉയർത്തി.
ന്യൂഡൽഹി: രാജ്യത്തിന്‍റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഔദ്യോഗിക തുടക്കമിട്ട് ചൊവ്വാഴ്ച രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തെക്കുറിച്ച് പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.