സ്റ്റോക്ഹോം: 2019ലെ സാമ്പത്തികശാസ്ത്ര നൊേബലിന് ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി, എസ്തർ ഡഫ്ലോ, മൈക്കൽ ക്രെമർ എന്നിവർ അർഹരായി. ആഗോളതലത്തിൽ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പുതുപരീക്ഷണ സമീപനമാണ് ഇവർക്ക് നൊബേൽ നേടിക്കൊടുത്തത്. അഭിജിത്ത് ബാനർജിയുടെ ഭാര്യയാണ് എസ്തർ ഡഫ്ലോ.
ഇരുവരും അമേരിക്കയിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലും (എം.ഐ.ടി) മൈക്കൽ ക്രെമർ ഹാർവഡ് സർവകലാശാലയിലും പ്രഫസർമാരാണ്. മൂവരുടെയും ഗവേഷണം ആഗോളതലത്തിൽ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള കഴിവിനെ ഏറെ മെച്ചപ്പെടുത്തിയതായി നൊബേൽ സമിതി വിലയിരുത്തി. പുതുപരീക്ഷണ സമീപനം വെറും രണ്ടു പതിറ്റാണ്ടിനുള്ളിൽ വികസന സാമ്പത്തികശാസ്ത്രത്തെ അടിമുടി മാറ്റിയെന്ന് സമിതി കൂട്ടിച്ചേർത്തു.
അമർത്യസെന്നാണ് സാമ്പത്തികശാസ്ത്ര നൊേബൽ നേടിയ ആദ്യ ഇന്ത്യക്കാരൻ. 58കാരനായ അഭിജിത്ത് ബാനർജി മുംബൈയിലാണ് ജനിച്ചത്. 1988ൽ ഹാർവഡ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയെടുത്തു. കൽക്കത്ത പ്രസിഡൻസി സർവകലാശാല, ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അമേരിക്കൻ പൗരത്വമുള്ള ഫ്രഞ്ചുകാരിയായ എസ്തറിനും സെന്തിൽ മുല്ലൈനാഥനുമൊപ്പം ചേർന്ന് അഭിജിത്ത് 2003ൽ ‘അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ്’ സ്ഥാപിച്ചു. നിരവധി ലേഖനങ്ങളും ‘പുവർ ഇക്കണോമിക്സ്’ ഉൾപ്പെടെ നാലു പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ പുസ്തകങ്ങൾ 17 ഭാഷകളിൽ പ്രസിദ്ധീകരിച്ചു. യു.എൻ സെക്രട്ടറി ജനറലിെൻറ ഉന്നത സമിതിയിലും അംഗമായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ‘ന്യായ്’ പദ്ധതിയുടെ പ്രധാന ഉപദേശകരിൽ അഭിജിത്ത് ബാനർജിയുമുണ്ടായിരുന്നു. ദരിദ്രർക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. നരേന്ദ്ര മോദി സർക്കാറിെൻറ നോട്ടുനിരോധനത്തിെൻറ കടുത്ത വിമർശകനായിരുന്നു ഇദ്ദേഹം.
എസ്തർ ഡഫ്ലോക്ക് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാമ്പത്തികശാസ്ത്ര നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് 47കാരിയായ എസ്തർ. അഭിജിത്തും എസ്തറും ചേർന്നാണ് പുവർ ഇക്കണോമിക്സ് എന്ന പുസ്തകം രചിച്ചത്. ഏകദേശം ആറര കോടി രൂപയാണ് നൊേബൽ പുരസ്കാര തുക. ഇതു മൂവരും പങ്കിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.