തളിപ്പറമ്പ്: അനർഹമായ റേഷൻ കാർഡുകൾ കണ്ടെത്താൻ ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. പരിശോധനയിൽ അനർഹമായ 14 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. ചപ്പാരപ്പടവിലെ എം.എ സ്റ്റോറിൽ നടത്തിയ പരിശോധനയിൽ റേഷൻ സാധനങ്ങൾ സൂക്ഷിച്ച നിലയിലും കണ്ടെത്തി.
32ലധികം വീടുകളിലാണ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കൊട്ടക്കാനം, ആലത്തട്ട്, ഞാറ്റുവയൽ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് അനർഹമായ ആറ് മുൻഗണന കാർഡുകൾ, രണ്ട് അന്ത്യോദയ കാർഡുകൾ, ആറ് സബ്സിഡി കാർഡുകൾ എന്നിവ പിടിച്ചെടുത്തത്. വ്യാജ സത്യവാങ്മൂലം നൽകി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റും. കൂടാതെ ഇവരിൽ നിന്നും 2021 ലെ കെ.ടി.പി.ഡി.എസ് ഉത്തരവ് പ്രകാരവും അവശ്യവസ്തു നിയമം വകുപ്പ് ഏഴ്, ക്രിമിനൽ നടപടിച്ചട്ടം 1973 പ്രകാരവും പിഴയും ദുരുപയോഗം ചെയ്ത റേഷെൻറ വിപണി വിലയും ഈടാക്കും. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും വിധം പ്രോസിക്യൂഷന് വിധേയരാക്കും. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ച് ഉപയോഗിക്കുന്നവർ പിടിക്കപ്പെട്ടാൽ നിലവിൽ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയാണ് പിഴ.
ചില റേഷൻ സാധനങ്ങൾ കാർഡുടമകൾ പൊതുവിപണിയിൽ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ചപ്പാരപ്പടവിലെ എം.എ സ്റ്റോറിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും 61.5 കിലോ റേഷൻ പുഴുക്കലരിയും 54 കിലോ റേഷൻ ഗോതമ്പുമാണ് പിടിച്ചെടുത്തത്. ഇവ തൊട്ടടുത്ത റേഷൻ കടയിൽ ഏൽപിച്ചു. എം.എ സ്റ്റോറിനെതിരെ നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്ക് റിപ്പോർട്ടും സമർപ്പിച്ചു.
വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് റെയ്ഡിന് നേതൃത്വം നൽകിയ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ പി.കെ. അനിൽ പറഞ്ഞു. റേഷനിങ് ഇൻസ്പെക്ടർമാരായ പി.വി. കനകൻ, എ.വി. മഞ്ജുഷ, കെ. ജെയ്സ് ജോസ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.