അനന്തമായി റീസർവേ; 56 വർഷത്തിനിടെ പൂർത്തിയായത് 911 വില്ലേജുകളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ 1664 വില്ലേജുകളില്‍ കഴിഞ്ഞ 56 വര്‍ഷമായി റീ സര്‍വേ നടത്തിയിട്ടും പൂര്‍ത്തിയാക്കാനായത് 911 വില്ലേജുകളില്‍ മാത്രം. 1966 മുതല്‍ തുടങ്ങിയ റീസര്‍വേയില്‍ 911 വില്ലേജുകളില്‍ നടപടി പൂര്‍ത്തിയായെങ്കിലും ഇതുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് പരാതികളില്‍ ഇപ്പോഴും തീർപ്പായിട്ടില്ല.

കൃത്യതയുള്ള സാങ്കേതികവിദ്യയായ കണ്ടിന്വസിലി ഓപറേറ്റിവ് റഫറന്‍സ് സ്റ്റേഷന്‍ (കോര്‍സ്) ഉള്‍പ്പെടെ ഉപയോഗിച്ച് നാലുവര്‍ഷം കൊണ്ട് റീ സര്‍വേ പൂര്‍ത്തിയാക്കി ഭൂരേഖകളെല്ലാം ഡിജിറ്റലാക്കുമെന്നാണ് സര്‍ക്കാർ ആവർത്തിക്കുന്നത്.

ടോട്ടല്‍ സ്‌റ്റേഷന്‍ അടക്കമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ ആരംഭിച്ച 116 വില്ലേജുകളില്‍ 89 ഇടത്ത് റീസര്‍വേ ഇപ്പോൾ പൂര്‍ത്തിയാക്കി. ഇവിടങ്ങളില്‍ പരാതി പൊതുവേ കുറവുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ സംവിധാനത്തിൽ ഭൂമിയുടെ അളവ് അപ്പോള്‍തന്നെ ഉടമയെ അറിയിക്കാനും കഴിയും. എന്നാല്‍, ചിലയിടങ്ങളില്‍ വസ്തുഉടമയെ അറിയിക്കാതെ സർവേ നടത്തി അളവ് രേഖപ്പെടുത്തിയെന്ന പരാതികളുമുണ്ട്.

റീ സര്‍വേ നടപടികൾ പലതും മുടങ്ങാൻ കാരണം ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തുന്ന റീ സര്‍വേ നടപടികളും പരാതികള്‍ക്കിടയാക്കുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുള്ള റീ സര്‍വേ പ്രവർത്തനങ്ങളും പ്രശ്‌നമാണ്.

ഒരു പ്രദേശം റീ സര്‍വേക്കായി തെരഞ്ഞെടുക്കുമ്പോള്‍ ആ സര്‍വേ ബ്ലോക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്ഥലം ഉടമകളെയും മുന്‍കൂട്ടി അറിയിക്കണമെന്നാണ് ചട്ടം. എന്നാലിതിന് മിക്കയിടത്തും ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കാറില്ല.

സ്ഥലമുടമയുടെ സാന്നിധ്യത്തില്‍ റീ സര്‍വേ നടത്തിയാല്‍ ഒരു പരിധിവരെ പരാതികള്‍ ഒഴിവാക്കാനാകും. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയാലും സ്ഥിതിവിവരക്കണക്കുകള്‍ റെക്കോഡില്‍ രേഖപ്പെടുത്തുന്നതിനുള്ള കാലതാമസവും മറ്റൊരു പ്രശ്നമാണ്.

ഇതുകാരണം രേഖകള്‍ തിരുത്താൻ ഭൂവുടമകള്‍ താലൂക്ക്- വില്ലേജ് ഓഫിസുകളിലായി നെട്ടോട്ടമോടേണ്ട സാഹചര്യമാണ്.

Tags:    
News Summary - Infinite Resurvey ; Completed in 56 years in only 911 villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.