കൊച്ചി: ഐ.എൻ.എല്ലിലെ ചേരിപ്പോര് പിളർപ്പിലേക്ക് വഴിവെച്ചതിന് പിന്നാലെ നാടകീയ നീക്കവുമായി ഇരുവിഭാഗവും. പരസ്പരം ഇരുവിഭാഗവും പുറത്താക്കിയതായി പ്രഖ്യാപിച്ചു. മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെയും പുറത്താക്കിയതായി ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് പ്രഖ്യാപിച്ചു. എന്നാൽ എ.പി അബ്ദുൽ വഹാബിനെയും ഏഴ് സെക്രട്ടറിയേറ്റ് അംഗങ്ങളേയും പുറത്താക്കുന്നതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു.
എ.പി അബ്ദുൽ വഹാബ് പറയുന്നതിങ്ങനെ:
നിർണായക തീരുമാനമെടുക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റിലാണ്. എന്നാൽ 2021ൽ ഒരു യോഗം പോലും ചേർന്നില്ല. മൂന്നു സീറ്റുകളിൽ പാർട്ടി മത്സരിച്ചു. അതിനെക്കുറിച്ച് പോലും ചർച്ച ചെയ്തില്ല. 2018ൽ ഒമ്പത് യോഗങ്ങളും 2019ൽ ആറ് സെക്രട്ടറിയേറ്റ് യോഗങ്ങളും 2020ൽ രണ്ട് യോഗങ്ങളുമാണ് നടന്നത്. ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന തരം പ്രസ്താവന സെക്രട്ടറി ഇറക്കിയത് കൂടിയാലോചിക്കാതെയാണ്. ഐ.എൻ.എല്ലിനെ നശിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ഏജന്‍റാണോ കാസിം ഇരിക്കൂറെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് സംഘർഷം നടന്നതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഐ.എൻ.എൽ പ്രവർത്തകരെ ലീഗിലേക്ക് സ്വാഗതം ചെയ്തത് അതിന് തെളിവാണ്. പ്രശ്നങ്ങൾ മുന്നേ ബോധ്യപ്പെട്ടിരുന്നെങ്കിലും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകരുതെന്ന് കരുതിയാണ് ക്ഷമിച്ചത്.
കാസിം ഇരിക്കൂർ പറയുന്നത്:
പാർട്ടി സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബിനെ നീക്കം ചെയ്യുന്നു. പകരം വർക്കിങ് പ്രസിഡന്‍റ് ബി.ഹംസ ഹാജിയെ പ്രസിഡന്‍റായി നിയമിക്കുന്നു. കൂടാതെ പ്രകോപനപരമായി പെരുമാറിയ എൻ.കെ അബ്ദുൽ അസീസ്, നാസർ കോയ തങ്ങൾ, ഒ.പി.ഐ കോയ, പോക്കർ മാസ്റ്റർ, എച്ച്.മുഹമ്മദലി, വടേരി ബഷീർ, സി.എച്ച് മുസ്തഫ എന്നീ സെക്രട്ടറിയേറ്റ് മെമ്പർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നു. അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത കോഴിക്കോട് ജില്ല സെക്രട്ടറി ഷർമദ് ഖാനെയും പുറത്താക്കുന്നു.
എവിടെ നിന്നോ എത്തിയ നേതാക്കളെപ്പോലും തിരിച്ചറിയാൻ കഴിയാത്ത ഗുണ്ടകളാണ് ഇന്ന് പ്രശ്നമുണ്ടാക്കിയത്. അവർ പരസ്പരം ഏറ്റുമുട്ടിയതാണ്. ഐ.എൻ.എൽ പ്രവർത്തകർ ഏറ്റുമുട്ടിയതാണെന്ന വാർത്ത ശരിയല്ല. പ്രൊഫഷണൽ ഗുണ്ടകളാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ. എറണാകുളത്തേക്ക് വരുേമ്പാൾ ഞങ്ങളുടെ ബസിന് നേരെ ആക്രമണ ശ്രമമുണ്ടായി. പാർട്ടിയിൽ പിളർപ്പില്ല. ഭൂരിപക്ഷം പ്രവർത്തകരും സെക്രട്ടറിയേറ്റ് അംഗങ്ങളും ദേശീയ നേതൃത്വവും ഞങ്ങളോടൊപ്പമാണ്. ചെറിയ വിഭാഗമാണ് ഇറങ്ങിപ്പോയത്. മുസ്ലിംലീഗാണ് ഇവരുടെ പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.