കോഴിക്കോട്: താൻ ഇതുവരെ പ്രവർത്തിച്ച ബി.ജെ.പി വെറുപ്പിന്റെ ഫാക്ടറിയാണെന്ന് തുറന്നുസമ്മതിക്കുന്ന സന്ദീപ് വാര്യരെ വാരിപ്പുണരുക വഴി കോൺഗ്രസ് ആശയ പാപ്പരത്തം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്ന് ഐ.എൻ.എൽ. ബി.ജെ.പി ഫാക്ടറിയിൽ ഉൽപാദിപ്പിച്ച വെറുപ്പും വിദ്വേഷവും കേരള രാഷ്ട്രീയ മാർക്കറ്റിൽ നിർലജ്ജം വിറ്റഴിച്ച കൊടും വർഗീയവാദിയായ സെയിൽസ് എക്സിക്യൂട്ടിവാണ് സന്ദീപ് വാര്യർ.
ബി.ജെ.പിയെ മടുത്തിട്ടല്ല; മറിച്ച്, അധികാര മോഹം ശമിപ്പിക്കാൻ കെ. സുരേന്ദ്രൻ തടസ്സമായി നിന്നതാണ് കളംമാറ്റത്തിന് കാരണമെന്ന് വാര്യർതന്നെ തുറന്നുസമ്മതിക്കുന്നുണ്ട്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നും മുസ്‌ലിം വിരുദ്ധത കോൺഗ്രസിൽ വലിയൊരു യോഗ്യതയാണെന്നും തെളിയിക്കുമ്പോൾ അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വിവരക്കേടും ആശയ ദാരിദ്ര്യവും അണികൾ മനസ്സിലാക്കുന്നുണ്ട്.
വാര്യരെ അഭിഷിക്തനാക്കാൻ പാണക്കാട്ടേക്ക് പറഞ്ഞയച്ച കോൺഗ്രസിന്റെ ബുദ്ധി അപാരമാണെങ്കിലും ലീഗ് അണികളും സാമാന്യ ജനങ്ങളും എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.