തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷനെതിരെ അന്വേഷണവുമായി രജിസ്ട്രേഷൻ വകുപ്പ്. വകുപ്പിന്‍റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി വേണമെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ മേഖല രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ട് ഉടനടി സമർപ്പിക്കണമെന്നും തിരുവനന്തപുരം ജില്ല രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സമ്പൂർണ സാക്ഷരത നടപ്പാക്കുന്നതിന്‍റെ ഭാഗമായി 1990ലാണ് സാക്ഷരത സമിതി എന്ന പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്തത്. 1991 ഏപ്രിലിൽ 18ന് സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തോടെ ഈ സമിതി പിരിച്ചുവിട്ടു. സാക്ഷരതക്കുപരി തുടർവിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് 1998ൽ കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ പുതിയ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് രജിസ്ട്രേഷൻ വകുപ്പ് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതോടെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഇത്രയും നാൾ പ്രവർത്തിച്ചുവന്നത് കടലാസ് സംഘടനയാണെന്ന ആരോപണം ശക്തമാകുകയാണ്.
പ്രതിവർഷം 17 കോടിയാണ് സ്ഥാപനത്തിന് സർക്കാൻ ഗ്രാൻറായി അനുവദിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനം എന്ന നിലയിൽ മിഷന്‍റെ ഏഴാംതരം തുല്യത സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം. ഏഴാം ക്ലാസ് യോഗ്യത മാനദണ്ഡമായ പി.എസ്.സി പരീക്ഷകൾക്കും അപേക്ഷിക്കാം. 10ാംതരം തുല്യത വിജയിക്കുന്നവർക്ക് പി.എസ്.സി വഴിയുള്ള ജോലികൾക്ക് അപേക്ഷിക്കാം. ഹയർസെക്കൻഡറി തുല്യത വിജയിക്കുന്നവർക്ക് ഉയർന്ന തലങ്ങളിൽ ചേർന്ന് പഠിക്കാനുള്ള അവസരവുമുണ്ട്. ഉദ്യോഗക്കയറ്റത്തിനും സാക്ഷരത മിഷന്‍റെ തുല്യത സർട്ടിഫിക്കറ്റ് പരിഗണിക്കുന്നുണ്ട്.
ചട്ടങ്ങൾ കാറ്റിൽ പറത്തി പണിതതിനാൽ സാക്ഷരത മിഷന്‍റെ ആസ്ഥാന മന്ദിരത്തിന് തിരുവനന്തപുരം കോർപറേഷൻ കെട്ടിട നമ്പർ നൽകിയിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പേട്ടയിലെ ഒരു ഏക്കർ 40 സെന്റ് സ്ഥലത്തിൽ 16 സെന്റിൽ മന്ദിരം നിർമിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്.
എന്നാൽ, 43 സെന്റ് കൈയേറി കെട്ടിടം നിർമിച്ചെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ. 7000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനായിരുന്നു അനുമതി. പണികഴിപ്പിച്ചതാകട്ടെ 13,654 ചതുരശ്ര അടിയുള്ള കെട്ടിടം. കോർപറേഷൻ അനുമതിയില്ലാതെയാണ് 2018 മേയിൽ നിർമാണം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിട്ടത്.കെട്ടിട നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കോർപറേഷനെ സമീപിച്ചെങ്കിലും അനധികൃത നിർമാണമായതിൽ കോർപറേഷൻ നിരസിക്കുകയായിരുന്നു.
ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി; എല്ലാം ഒതുക്കി
2017ൽ സാക്ഷരതമിഷൻ നടത്തിയ ഏഴാംതരം തുല്യതപരീക്ഷയിൽ 77 പേർ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതായി കണ്ടെത്തിയിരുന്നു. സംസ്ഥാന ഓഫിസിൽനിന്ന് രജിസ്റ്റർ നമ്പറും ഡയറക്ടറുടെ ഒപ്പും സീലോടുംകൂടി ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ പഠിതാക്കൾക്ക് നൽകാതെ അതേ രജിസ്റ്റർ നമ്പറുകളിൽ മറ്റ് 77 പേരെകൊണ്ട് ആളുമാറ്റി പരീക്ഷയെഴുതിപ്പിച്ച് വിജയശതമാനം ഉയർത്തുകയായിരുന്നു. മാർക്ക് ലിസ്റ്റിലും ക്രമക്കേട് കണ്ടെത്തി. എന്നാൽ, കുറ്റക്കാരായ നാലു ജീവനക്കാരെ സ്ഥലം മാറ്റി സംഭവം ഒതുക്കിത്തീർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.