കൊച്ചി: തൃശൂർ പൂരത്തിന് എത്തിച്ച ആനകളെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശപ്രകാരം എത്തിയ അമിക്കസ് ക്യൂറിയോട് മോശമായി പെരുമാറിയ കൊച്ചി ദേവസ്വം സെക്രട്ടറിയെ താക്കീത് ചെയ്ത് ഹൈകോടതി. താൻ പറയാത്ത കാര്യങ്ങളാണ് പ്രചരിച്ചതെന്ന് നേരിട്ട് ഹാജരായിരുന്ന സെക്രട്ടറി ജി. രാജേഷ് വിശദീകരിച്ചെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഉത്സവ നടത്തിപ്പ് ദേവസ്വം സെക്രട്ടറിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ദേവസ്വവും സർക്കാറും കോടതിയുമൊക്കെയുണ്ടെന്നും കോടതി പറഞ്ഞു. ദേവസ്വം സെക്രട്ടറി മോശമായി പെരുമാറിയെന്ന് അമിക്കസ് ക്യൂറിയാണ് അറിയിച്ചത്. ആനകളുടെ പരിശോധനക്ക് ആരും സഹകരിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
കല്ലാറിലെ സഫാരി പാർക്കിൽ പാപ്പാനെ ആന കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ചയാളുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം നൽകാൻ നടപടികളുള്ളതായി അധികൃതർ കോടതിയെ അറിയിച്ചു. സ്ഥലത്തില്ലാത്തതിനാലാണ് ആന ഉടമയെയും സഫാരി നടത്തിയ റിസോർട്ട് ഉടമയും അറസ്റ്റ് ചെയ്യാത്തത്. എന്നാൽ, സംഭവം നടന്ന് ദിവസങ്ങളായിട്ടും നടപടിയില്ലാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.