കൊച്ചി: ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ ഭർത്താവിനെ നിരന്തരം അധിക്ഷേപിക്കുന്നതും അന്തസ്സ് ചോദ്യം ചെയ്യുന്നതും വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈകോടതി. ഭാര്യയുടെ ക്രൂരമായ പെരുമാറ്റം ചൂണ്ടിക്കാട്ടി സമർപ്പിച്ച വിവാഹമോചന ഹരജി കുടുംബകോടതി തള്ളിയതിനെതിരെ കണ്ണൂർ സ്വദേശിയായ വി.വി. പ്രഭാകരൻ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
70 വയസ്സുള്ള ഹരജിക്കാരനെ 60കാരിയായ ഭാര്യ അധിക്ഷേപിക്കുന്നതും അന്തസ്സിനെ ചോദ്യം ചെയ്യുന്നതും പൊറുക്കാനാവാത്ത മുറിവായി ഹരജിക്കാരെൻറ മനസ്സിൽ കിടക്കുമെന്നും ഇത്തരം നടപടികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ പ്രകാരമുള്ള ക്രൂരതയായി വിലയിരുത്തി വിവാഹമോചനം അനുവദിക്കാമെന്നും വിധിയിൽ പറയുന്നു.
1973ൽ വിവാഹിതരായ ഇവർ 1995 മുതൽ വേർപിരിഞ്ഞാണ് കഴിയുന്നത്. 2003ൽ ഭാര്യ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവ് ക്രൂരമായി പെരുമാറുന്നെന്നാരോപിച്ചാണ് ഇവർ കണ്ണപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് ഒത്തുതീർപ്പുണ്ടായതിനാൽ പരാതിക്കാരിയും മക്കളും കേസിനെതിരായ നിലപാട് സ്വീകരിച്ചു. ഇതോടെ ഹരജിക്കാരനെ കോടതി വെറുതേ വിട്ടു. 70 വയസ്സുള്ള ഹരജിക്കാരനെതിരെ കേസ് നൽകിയത് മാനസികമായി തകർക്കാനാണെന്ന് കോടതി വിലയിരുത്തി. മാത്രമല്ല, മകളുടെ വിവാഹം ഹരജിക്കാരനെ ഇവർ അറിയിച്ചതുമില്ല. ഇത്തരം നടപടികൾ ക്രൂരതയാണെന്ന് വിലയിരുത്തിയാണ് കോടതി വിവാഹമോചനം നൽകാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.