Compensation

‘ആർത്തവത്തെ രോഗമാക്കി ഇൻഷുറൻസ് നിഷേധം’: 1.57 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: ആർത്തവത്തെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ. ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ നൽകണമെന്നാണ് വിധി. വണ്ടൂർ നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യൻ, ഭാര്യയുടെ ചികിത്സച്ചെലവിനായി നൽകിയ പരാതിയിലാണ് നടപടി.

2020 മുതൽ സ്ഥിരമായി പുതുക്കുന്നതാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള പരാതിക്കാരന്റെ ഇൻഷുറൻസ് പോളിസി. 2023 ജൂണിൽ ഭാര്യയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1,07,027 രൂപ ചികിത്സക്കായി അനുവദിക്കണമെന്ന് ഇൻഷുറൻസ് കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ, രേഖകൾ പരിശോധിച്ചശേഷം ചികിത്സച്ചെലവ് നൽകില്ലെന്നറിയിക്കുകയാണ് കമ്പനി ചെയ്തത്.

2018ൽ രോഗി അമിത രക്തസ്രാവത്തിന് ഡോക്ടറെ കണ്ടിരുന്നെന്നും അത് മറച്ചുവെച്ചാണ് ഇൻഷുറൻസ് പോളിസി എടുത്തതെന്നും അതിനാൽ ആനുകൂല്യം നൽകാൻ കഴിയില്ലെന്നുമാണ് ഇൻഷുറൻസ് കമ്പനി വാദിച്ചത്. എന്നാൽ, 2018ൽ ഡോക്ടറെ കണ്ടതും 2023ൽ ചികിത്സ തേടിയതും തമ്മിൽ ഒരു ബന്ധവുമില്ലെന്നും കമ്പനിയുടേത് സേവനത്തിലെ വീഴ്ചയാണെന്നും കമീഷൻ വിധിച്ചു.

മാത്രമല്ല, യുവതിയുടെ ആർത്തവസമയത്ത് അമിത രക്തമുണ്ടായിരുന്നാൽ അത് രോഗമായി കണക്കാക്കി ഇൻഷുറൻസ് കമ്പനിയെ അറിയിക്കണമെന്നത് വിചിത്രമായ നിലപാടാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. ചികിത്സച്ചെലവായി 1,07,027 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്നാണ് ഉത്തരവ്.

ഒരു മാസത്തിനകം സംഖ്യ നൽകാതിരുന്നാൽ വിധിയായ തീയതി മുതൽ 12 ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷൻ വിധിച്ചു.

Tags:    
News Summary - 'Insurance denied on the grounds that menstruation is a disease': Consumer Commission awards compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.