തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായുള്ള നാല് വർഷ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സ് (ഐ.ടി.ഇ.പി) അനുമതിക്ക് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) അപേക്ഷ ക്ഷണിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച് നിർദേശം സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി. നിർദേശം സമർപ്പിക്കാൻ സർവകലാശാലകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ ബി.എഡ് കോഴ്സുകൾ 2030ഓടെ പൂർണമായും ഐ.ടി.ഇ.പിയിലേക്ക് മാറാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ ഘടനയിലുള്ള കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കാനുള്ള സമയം ഈമാസം 31ന് അവസാനിക്കാനിക്കുകയാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തത് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്നാണ് നിർദേശം സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നൽകിയത്. നിലവിൽ ബി.എഡ് കോഴ്സുകൾ നടത്തുന്ന സർവകലാശാലകളിൽനിന്നുള്ള അഭിപ്രായവും തേടുന്നുണ്ട്. സർക്കാർ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ കമീഷനോടും അഭിപ്രായം തേടും.
ഹയർ സെക്കൻഡറി പഠനത്തിനുശേഷം നാല് വർഷ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സാണ് എൻ.സി.ടി.ഇ രൂപകൽപന ചെയ്തിരിക്കുന്നത്. മൂന്ന് വർഷ ബിരുദ കോഴ്സിനൊപ്പം ടീച്ചർ എജുക്കേഷൻ കൂടി ചേർത്തുള്ളതാണ് ഐ.ടി.ഇ.പി കോഴ്സ്. സ്കൂൾ അധ്യാപകരാകാനുള്ള ചുരുങ്ങിയ യോഗ്യതയായി ഐ.ടി.ഇ.പി മാറുമെന്നാണ് കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.