തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാല എന്നിവയുടെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ തീരുമാനം ഇന്നുണ്ടാകും. ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന്റെ കാലാവധി ശനിയാഴ്ച പൂർത്തിയാകും. അദ്ദേഹം തന്നെയാണ് സാങ്കേതിക സർവകലാശാല വി.സിയുടെ അധിക ചുമതല വഹിക്കുന്നത്.
ഈ സാഹചര്യത്തിലാണ് രണ്ട് സർവകലാശാലകളിലും വി.സി പദവിയിൽ ഒഴിവ് വരുന്നത്. ഇതോടൊപ്പം 29ന് കാലാവധി പൂർത്തിയാകുന്ന ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന് പകരം പുതിയ വി.സിയെ നിയമിക്കേണ്ടതുണ്ട്. ഇദ്ദേഹം തന്നെയാണ് കേരള സർവകലാശാല വി.സിയുടെ അധിക ചുമതല വഹിക്കുന്നത്. കേരള, ആരോഗ്യ സർവകലാശാല വി.സിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകാനിടയുണ്ട്.
ഗവർണർ വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിക്ക് പോവുകയും 28ന് മടങ്ങിയെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിന് മുമ്പ് വി.സി നിയമനത്തിൽ തീരുമാനമെടുക്കാനാണ് സാധ്യത. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിനായി സർക്കാർ ഗവർണർക്ക് പാനൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽനിന്നുള്ളവരെ ഗവർണർ പരിഗണിക്കുമോ എന്നതും നിർണായകമാണ്.
സാങ്കേതിക സർവകലാശാലയിലേക്ക് കാലാവധി കഴിയുന്ന വി.സി ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ആർ. ഷാലിജ്, കോതമംഗലം എം.എ എൻജിനീയറിങ് കോളജ് പ്രഫസർ ഡോ. വിനോദ്കുമാർ ജേക്കബ് എന്നിവരുടെ പേരുകളാണ് സർക്കാർ പാനലിലുള്ളത്. ഡിജിറ്റൽ സർവകലാശാല വി.സി സ്ഥാനത്തേക്ക് നേരത്തേ സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്തുനിന്ന് സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ഡോ. എം.എസ്. രാജശ്രീയുടേതുൾപ്പെടെ മൂന്ന് പേരുകൾ സർക്കാർ മുന്നോട്ടുവെച്ചെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.