പെരിന്തല്‍മണ്ണ: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് 12 ദിവസമായി കുടുംബശ്രീയുടെ കീഴിലുള്ള ആഭ്യന്തര വായ്പ നല്‍കല്‍ പൂര്‍ണമായും നിലച്ചു. അയല്‍ക്കൂട്ടങ്ങള്‍ അംഗങ്ങള്‍ക്കിടയില്‍ പരസ്പരം നല്‍കിയ 551.22 കോടിയുടെ ആഭ്യന്തര വായ്പയിലുള്ള തിരിച്ചടവും ഏതാണ്ട് നിലച്ച മട്ടാണ്. സംസ്ഥാനത്തെ 1604 പ്രാഥമിക സഹകരണ ബാങ്കുകളിലാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മുഴുവന്‍ സമ്പാദ്യവും.
അസാധുവാക്കിയ കറന്‍സികള്‍ സ്വീകരിക്കുന്നതില്‍നിന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്ക് വിലക്കിയതാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കുന്ന ആഭ്യന്തര വായ്പയും നേരത്തെ വിതരണം ചെയ്ത ആഭ്യന്തര വായ്പയിലെ തിരിച്ചടവും സ്തംഭനാവസ്ഥയിലത്തെിച്ചത്. നോട്ട് റദ്ദാക്കുന്ന നവംബര്‍ എട്ടു വരെ സഹകരണ ബാങ്കുകളില്‍ അയല്‍ക്കൂട്ടങ്ങളുടെ പ്രസിഡന്‍റ്, സെക്രട്ടറിമാരുടെ ജോയന്‍റ് അക്കൗണ്ടുകളില്‍ കൃത്യമായി എത്തിയിരുന്ന തുകയാണ് നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വരവ് നിലച്ചത്. ഇതിന് പുറമെ അംഗങ്ങളുടെ പരസ്പര ജാമ്യത്തിലൂടെ ഷെഡ്യൂള്‍ ബാങ്കുകള്‍ നല്‍കിയ 1140 കോടിയുടെ ലിങ്കേജ് വായ്പയിലും തിരിച്ചടവ് നല്ളൊരു ശതമാനവും മുടങ്ങിയിരിക്കുകയാണ്.
അയല്‍ക്കൂട്ടങ്ങള്‍ ആഴ്ചതോറും യോഗം ചേര്‍ന്ന് സ്വരൂപിക്കുന്ന ലഘുസമ്പാദ്യവും വായ്പയിന്മേലുള്ള അടവിലേക്ക് പിരിച്ചെടുക്കുന്ന തുകയും ബാങ്കുകളില്‍ നിക്ഷേപിക്കാതെ കൈവശം വെച്ചിരിക്കുകയാണ്. നേരത്തെ ചേര്‍ന്ന അയല്‍ക്കൂട്ട യോഗങ്ങളില്‍ പാസാക്കിയ ആഭ്യന്തര വായ്പക്കുള്ള തുക നല്‍കാന്‍ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ തത്കാലം വിസമ്മതിച്ചതോടെയാണ് സമ്പാദ്യത്തിലേക്കുള്ള നിക്ഷേപം അടക്കാതെ കൈയില്‍ വെക്കാന്‍ അയല്‍ക്കൂട്ടങ്ങള്‍ നിര്‍ബന്ധിതരായത്.
അയല്‍ക്കൂട്ടങ്ങളുടെ നിക്ഷേപത്തിലേക്ക് നേരത്തെ കൈവന്ന 1000, 500 രൂപയുടെ കറന്‍സികള്‍ അയല്‍ക്കൂട്ട പ്രസിഡന്‍റുമാരും സെക്രട്ടറിമാരും ഏറെ ക്ളേശം സഹിച്ച് വരിനിന്ന് മാറ്റിയെടുക്കുകയായിരിന്നു. അംഗങ്ങള്‍ക്കിടയില്‍ രോഗം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 12 ദിവസമായി സ്വരൂപിച്ച തുക മിക്ക അയല്‍ക്കൂട്ടങ്ങളും സഹകരണ ബാങ്കില്‍ നിക്ഷേപിക്കാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൈവശം വെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.