തിരുവനന്തപുരം: എല്ലാ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലൻസ് സെല്ലുകൾ അടിയന്തരമായി രൂപവത്കരിക്കാൻ സർക്കാർ നിർദേശിച്ചു. വകുപ്പുകളിൽ വിജിലൻസ് സെൽ മേധാവിമാരെ നിയമിക്കാൻ മാർഗനിർദേശമായി. ഭരണവകുപ്പുകൾ സ്വന്തം നിലക്ക് വിജിലൻസ് ഓഫിസർമാരെ നിയമിക്കുന്ന കീഴ്വഴക്കം നിർത്തലാക്കും. നിലവിൽ സെൽ ഇല്ലാത്തവയിൽ ഉടൻ നിയമിക്കണം. ഇക്കാര്യം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തണമെന്നും സർക്കാർ നിർദേശിച്ചു. വിജിലൻസ് സെല്ലിന്റെ തലവനെ സെക്രട്ടേറിയറ്റിലെ വിജിലൻസ് വകുപ്പ് നിയമിക്കും.
വകുപ്പുതല വിജിലൻസ് സെൽ തലവനായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് കേസോ അന്വേഷണമോ നേരിടുന്ന ആളല്ലെന്ന് ഉറപ്പുവരുത്താനും നിയമനത്തിന് മുമ്പ് അദ്ദേഹത്തിന്റെ സത്യസന്ധത, സൽപ്പേര് എന്നിവ വിജിലൻസ് വീക്ഷണത്തിൽ പരിശോധിക്കാനുമാണ് നിയമനം വിജിലൻസ് വകുപ്പ് നടത്തണമെന്ന് നിഷ്കർഷിച്ചിരിക്കുന്നത്.
പ്രാപ്തനായ ഉദ്യോഗസ്ഥനെ ഭരണവകുപ്പ് വിജിലൻസ് വകുപ്പിന് നാമനിർദേശം ചെയ്യണം. നാമനിർദേശത്തിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ രഹസ്യാന്വേഷണം നടത്തി അനുയോജ്യനാണെന്ന് ബോധ്യപ്പെടുന്ന പക്ഷം വിജിലൻസ് ഓഫിസറായി നിയമിക്കും.
ഇന്റേണൽ വിജിലൻസ് മേധാവികൾ ത്രൈമാസ പ്രവർത്തന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകണം. ഐ.എം.ജി, കില എന്നിവയുടെ പരിശീലന പരിപാടികളിൽ വിജിലൻസ് ഓഫിസർമാരെ ഉൾപ്പെടുത്തും. വിജിലൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ സേവനം പരിശീലന പരിപാടികൾക്കായി പ്രയോജനപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.