കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളെ ഇന്ന് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയപരിശോധനയും ഇന്ന് നടത്തും.
കേസിൽ ദിലീപടക്കം അഞ്ച് പ്രതികളെ ഞായറാഴ്ച ക്രൈംബ്രാഞ്ച് 11 മണിക്കൂർ ചോദ്യംചെയ്തിരുന്നു. അറസ്റ്റ് ചെയ്യാതെ ചോദ്യംചെയ്യാമെന്ന ഹൈകോടതി നിർദേശത്തെതുടർന്നാണ് ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ ചോദ്യംചെയ്യാനുള്ള നടപടി. രാവിലെ ഒമ്പതിന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനായിരുന്നു ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്‍റെ മാനേജർ എന്നറിയപ്പെടുന്ന അപ്പു എന്നിവരോട് ആവശ്യപ്പെട്ടത്.
രാവിലെ എട്ടരയോടെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പോകാൻ ആലുവയിലെ വീട്ടിൽ ദിലീപ്, അനൂപ്, സുരാജ് എന്നിവർ തയാറായിരുന്നു. ബന്ധുക്കളടക്കം ആളുകൾ ഈ സമയം ഇവിടെ എത്തി. 8.40ഓടെ മൂവരും ഇന്നോവ ക്രിസ്റ്റ വാഹനത്തിൽ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പുറപ്പെട്ടു. 8.45ഓടെ ബൈജു ചെങ്ങമനാട്, അപ്പു എന്നിവർ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായിരുന്നു. 8.55ഓടെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
ഒമ്പത് മണിക്കുശേഷമാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ ഉദ്യോഗസ്ഥർ ഓരോ പ്രതികളെയും രണ്ടാംനിലയിലെ വ്യത്യസ്ത മുറികളിലിരുത്തി ഒറ്റക്കൊറ്റക്കാണ് ആദ്യഘട്ട ചോദ്യംചെയ്യൽ നടത്തിയത്. വിഡിയോയും ചിത്രീകരിക്കുന്നുണ്ട്. മൊഴികൾ തെളിവുകളായി സൂക്ഷിക്കുന്നതിനും പൊലീസ് ഉപദ്രവിച്ചെന്ന ആരോപണം ഉയർത്തിയാൽ നിഷേധിക്കുന്നതിനുമാണ് വിഡിയോ ചിത്രീകരണം. മറ്റൊരു മുറിയിലിരുന്ന് വിഡിയോ ഉദ്യോഗസ്ഥർ വീക്ഷിക്കുന്നുമുണ്ടായിരുന്നു.
ഓരോ ചോദ്യത്തോടുമുള്ള പ്രതികരണവും പ്രതികളുടെ മുഖഭാവവും അവർ പ്രത്യേകം നിരീക്ഷിച്ചു. ഉച്ചയോടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. ഈ സമയം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഐ.ജി. ഗോപേഷ് അഗർവാൾ എന്നിവർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഇവർ അതുവരെയുള്ള മൊഴികൾ പരിശോധിച്ച് വൈരുധ്യങ്ങൾ വിലയിരുത്തി. തുടർന്ന് ദിലീപിനെ ഒറ്റക്ക് മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തി എ.ഡി.ജി.പി, ഐ.ജി, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം പ്രത്യേകം ചോദ്യംചെയ്തു.
ശേഷം എ.ഡി.ജി.പി മടങ്ങുകയും മറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യൽ തുടരുകയും ചെയ്തു. വരുംദിവസങ്ങളിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. ആദ്യദിവസത്തെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ചോദ്യചെയ്യൽ. രാത്രി 7.55ഓടെ പ്രതികൾ അഞ്ചുപേരും ഒരുമിച്ച് ഒരു വാഹനത്തിലാണ് ക്രൈംബ്രാഞ്ച് ഓഫിസിൽനിന്ന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.