തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖ വിവാദം കത്തുമ്പോൾ ഉത്തരമില്ലാതെ കൂടുതൽ ചോദ്യങ്ങൾ. അഭിമുഖം ഒരുക്കിയതും വിവാദമായ മലപ്പുറം പരാമർശം ഉൾപ്പെടുത്തിയതും പി.ആർ ഏജൻസി കെയ്സൻ ആണെന്ന ‘ദ ഹിന്ദു’ പത്രത്തിന്റ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയോ ഏജൻസിയോ നിഷേധിച്ചിട്ടില്ല. വിവാദ പരാമർശം എഴുതി നൽകിയത് ഡൽഹി കേരള ഹൗസിൽ അഭിമുഖം എടുക്കുമ്പോൾ റിപ്പോർട്ടർക്ക് ഒപ്പമുണ്ടായിരുന്ന പി.ആർ ഏജൻസി പ്രതിനിധി സുബ്രഹ്മണ്യനാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മലയാളിയായ സുബ്രഹ്മണ്യൻ സി.പി.എമ്മിന്റെ മുൻ എം.എൽ.എ ടി.കെ. ദേവകുമാറിന്റെ മകനാണ്.രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സംഘത്തിൽ പ്രവർത്തിച്ച ഇദ്ദേഹം വിവിധ സംസ്ഥാനങ്ങളിൽ നേതാക്കൾക്കും പാർട്ടികൾക്കുംവേണ്ടി ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ റിലയൻസ് കമ്യൂണിക്കേഷനിൽ പ്രവർത്തിക്കുമ്പോഴും കെയ്സൻ പി.ആർ ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്ങിന്റെയും ഭാഗമാണ്. മഹാരാഷ്ട്രയിൽ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന ഷിൻഡേ വിഭാഗത്തിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത് കെയ്സൻ ആണ്. ഇവർക്ക് പിണറായി വിജയന്റെ അഭിമുഖത്തിൽ ഇടപെടാൻ എങ്ങനെ സാധിച്ചുവെന്നതിൽ സി.പി എമ്മിന് ഉത്തരമില്ല.
സുബ്രഹ്മണ്യൻ ഇടപെട്ട് കൂട്ടിച്ചേർത്ത പരാമർശങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ ഇസ്ലാമോഫോബിക് ആണ്. തിരുവനന്തപുരത്ത് വലിയ ഓഫിസും സംവിധാനങ്ങളുമുള്ള ‘ദ ഹിന്ദു’വിന് ഡൽഹിയിൽ ചെന്ന് അങ്ങോട്ട് ആവശ്യപ്പെട്ട് അഭിമുഖം നൽകി ഇസ്ലാമോഫോബിക് പരാമർശം ഉൾപ്പെടുത്തിയതിന് പിന്നിലെ ചേതോവികാരം എന്തായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. സി.പി.എം - ആർ.എസ്.എസ് അന്തർധാരയും നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാനുള്ള പിണറായി വിജയന്റെ സൂത്രപ്പണിയുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. പി.ആർ ഏജൻസിക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കാൻ മുന്നിട്ടിറങ്ങിയ മന്ത്രി മുഹമ്മദ് റിയാസ് പോലും മറുപടി പറഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.