സജി ചെറിയാനെതിരായ പരാതികൾ; അന്വേഷണ ചുമതല തിരുവല്ല ഡിവൈ.എസ്.പിക്ക്

തിരുവല്ല: ഭരണഘടനയ്ക്കെതിരെ മല്ലപ്പള്ളിയിൽ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ മന്ത്രി സജി ചെറിയാനെതിരെ ലഭിച്ച പരാതികളുടെ അന്വേഷണ ചുമതല തിരുവല്ല ഡിവൈ.എസ്.പിക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവി, ജില്ല പൊലീസ് മേധാവി, കീഴ്വായ്പൂര് പൊലീസ് എന്നിവർക്ക് ലഭിച്ച പരാതികളാണ് പ്രാഥമിക അന്വേഷണത്തിനായി ഇന്ന് രാവിലെ ഡിവൈ.എസ്.പി ടി. രാജപ്പന് കൈമാറിയത്.

സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദത്തിനും പരാതികൾക്കും ഇടയാക്കിയത്.

സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭ പിരിഞ്ഞു. പ്രതിപക്ഷ എം.എൽ.എമാർ നിയമസഭക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡേന്തിയും പ്രതിഷേധിക്കുകയാണ്.

മല്ലപ്പള്ളിയിലെ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഇങ്ങനെ - 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്'.

മന്ത്രി സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയോട് കൂറ് കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ മന്ത്രി യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞു. അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികളെയും മന്ത്രി അപമാനിച്ചു. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും അപമാനിച്ചുവെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

Tags:    
News Summary - Investigation against Saji Cherian; Tiruvalla DYSP is in charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.