കൊച്ചി: ഇരിങ്ങാലക്കുട പറപ്പൂക്കര ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു.
2015 ഡിസംബർ 25ന് ആമ്പല്ലൂർ വരാക്കര സ്വദേശി മെൽവിൽ, മുരിയാട് സ്വദേശി ജിത്തു (വിശ്വജിത്ത് -33) എന്നിവർ കൊല്ലപ്പെട്ട കേസിലെ ഒന്നുമുതൽ അഞ്ചുവരെ പ്രതികളുടെ ശിക്ഷയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
ആനന്ദപുരം സ്വദേശി രജീഷ് (മക്കു), പറപ്പൂക്കര സ്വദേശി ചെറുവാൾ ശരത്ത് (ശരവണൻ), നെടുമ്പാൾ സ്വദേശി സന്തോഷ് (കൊങ്കൻ), ആനന്ദപുരം സ്വദേശികളായ ഷിനു, രഞ്ജു എന്നിവർക്കാണ് കൊലപാതകത്തിന് ഇരട്ട ജീവപര്യന്തവും വധശ്രമത്തിന് 20 വർഷം കഠിന തടവും പിഴയും ഇരിങ്ങാലക്കുട അഡീ. സെഷൻസ് കോടതി വിധിച്ചത്. അഞ്ചുപേരുടെയും ശിക്ഷ ഹൈകോടതി ശരിവെക്കുകയായിരുന്നു.
പ്രതികൾ ബന്ധുവായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. മെൽവിനെയും ജിത്തുവിനെയും പ്രശ്നം തീർക്കാനെന്ന വ്യാജേന പ്രതികൾ വിളിച്ചുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് പ്രതികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. എന്നാൽ, മുൻകൂട്ടി ആസൂത്രണംചെയ്ത് കൃത്യമായി നടപ്പാക്കിയ കുറ്റകൃത്യമാണിതെന്ന് തെളിവുകളിൽനിന്ന് വ്യക്തമാണെന്ന് വിലയിരുത്തിയ കോടതി തുടർന്ന് അപ്പീൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.