നിയമന നടപടികളിലെ അപാകത​; രേഖ രാജിന്‍റെ അസി. പ്രഫസർ നിയമനം ഹൈകോടതി റദ്ദാക്കി

കൊച്ചി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രേഖ രാജിനെ എം.ജി സർവകലാശാലയിൽ അസി. പ്രഫസറായി നിയമിച്ചത് ഹൈകോടതി റദ്ദാക്കി. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്സ് ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ നിയമന നടപടികളിൽ അപാകത ആരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ കോട്ടയം സ്വദേശിനി നിഷ വേലപ്പൻ നായർ നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. നിഷയെ അസി. പ്രഫസറായി നിയമിക്കാനും കോടതി നിർദേശിച്ചു.

അസി. പ്രഫസർ നിയമനത്തിന് ഇന്‍റർവ്യൂവിന് 20 മാർക്കും മറ്റു വിവിധ ഘടകങ്ങൾക്ക് 80 മാർക്കും നൽകുന്ന സ്കീമാണ് നിലവിലുള്ളത്. പിഎച്ച്.ഡിയുണ്ടെങ്കിൽ ആറുമാർക്ക് നൽകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും തനിക്ക് ഈ മാർക്ക് കിട്ടിയില്ലെന്നാണ് നിഷയുടെ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിഷ നേരത്തേ നൽകിയ ഹരജി, ഇക്കാര്യങ്ങൾ സർവകലാശാല സെലക്ഷൻ കമ്മിറ്റിയോട് പരിശോധിക്കാൻ നിർദേശിച്ച് സിംഗിൾ ബെഞ്ച് തീർപ്പാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് രേഖ രാജും ഹരജി നൽകിയിരുന്നു.

പിഎച്ച്.ഡിക്ക് ആറു മാർക്ക് നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും നെറ്റ് ഇല്ലാത്തതിനാൽ ഇത് നൽകാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. നിയമനത്തിന് നെറ്റ് ഇല്ലെങ്കിൽ പിഎച്ച്.ഡിയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പിഎച്ച്.ഡി ഉള്ളതുകൊണ്ട് അപേക്ഷിക്കാൻ യോഗ്യത ലഭിച്ച നിഷക്ക് ഈയിനത്തിൽ മാർക്ക് നൽകാനാവില്ലെന്നും സർവകലാശാല വാദിച്ചു. എന്നാൽ, ഇത് ഡിവിഷൻ ബെഞ്ച് തള്ളി. യു.ജി.സി വ്യവസ്ഥയനുസരിച്ച് ആറ് മാർക്കിന് നിഷക്ക് അർഹതയുണ്ട്. യു.ജി.സി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ രേഖ രാജ് പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വിലയിരുത്തി ഇതിനുള്ള മാർക്ക് കുറക്കാനും നിർദേശിച്ചു. ഇങ്ങനെ മാർക്ക് ക്രമീകരിച്ചാൽ റാങ്ക് ലിസ്റ്റിൽ നിഷ ഒന്നാമതെത്തുമെന്ന് വിലയിരുത്തിയാണ് രേഖ രാജിന്‍റെ നിയമനം റദ്ദാക്കി നിഷയെ നിയമിക്കാൻ ഉത്തരവിട്ടത്.

Tags:    
News Summary - Irregularities in recruitment process; Rekha Raj's Asst. professor appoinment cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.